ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ എല്ലാ പ്രായപൂർത്തിയായ പൗരന്മാർക്കും ഡിജിറ്റൽ ഐഡി നിർബന്ധമാക്കുന്ന ‘ബ്രിറ്റ് കാർഡ്’ സംവിധാനം വരുന്നു. അനധികൃത കുടിയേറ്റത്തിനെതിരെ സർക്കാർ സ്വീകരിക്കുന്ന ഏറ്റവും പുതിയ നീക്കത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. യുകെയിൽ ജീവിക്കാനും ജോലി ചെയ്യാനും അവകാശമുള്ളവരാണെന്ന് തെളിയിക്കുന്ന രേഖയായിരിക്കും ഈ ഐഡി.
സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നതനുസരിച്ച്, ‘ബ്രിറ്റ് കാർഡ്’ എല്ലാ ബ്രിട്ടീഷ് പൗരന്മാരുടെയും തിരിച്ചറിയൽ രേഖയായി മാറും. പാസ്‌പോർട്ടോ നാഷണൽ ഇൻഷുറൻസ് നമ്പറോ വേറെയായി കൈവശം വയ്ക്കേണ്ട സാഹചര്യം ഇല്ലാതാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും തൊഴിൽ മേഖലയിൽ പ്രവേശിക്കുന്നതിനും ഈ കാർഡ് നിർബന്ധമായിരിക്കും.
എന്നാൽ പുതിയ നീക്കത്തിനെതിരെ സ്വകാര്യതാ ലംഘന ആശങ്കകൾ ഉയർന്നിട്ടുണ്ട്. സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾ ദുരുപയോഗത്തിനിരയാകുമോയെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. എങ്കിലും, നിയമപരമായ കുടിയേറ്റവും തൊഴിൽ സുരക്ഷയും ഉറപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നതാണ് സർക്കാർ നിലപാട്.
Leave a Reply