കേരളത്തില്‍ അടുത്തിടെയുണ്ടായ പ്രകൃതിക്ഷോഭത്തില്‍പ്പെട്ട് സ്വദേശത്ത് കഷ്ടത അനുഭവിക്കുകയും കുടുങ്ങുപ്പോവുകയും ചെയ്ത യു.കെ മലയാളികള്‍ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുള്ള സഹായഹസ്തം ലഭിക്കുവാന്‍ സാധ്യത തെളിയുന്നു. ലിഡ്‌സിനടുത്തുള്ള റവയ്ക്ക്ഫീല്‍ഡില്‍ താമസിക്കുന്ന മലയാളം യു.കെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ജോജി തോമസ് കേരളത്തിലെ തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുവാന്‍ പോയ യു.കെ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി തെരേസ മെയ്ക്ക് അയച്ച കത്തിനുള്ള മറുപടിയിലാണ് നടപടിക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കത്ത് കൈമാറിയതായ വിവരം പ്രധാനമന്തിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. കത്തിന്റെ പകര്‍പ്പ് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ടിനും നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള ഏതാണ്ട് 50000ത്തോളം നഴ്‌സുമാര്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്ന വിവരവും അവരില്‍ വളരെയധികം പേര്‍ കേരളത്തില്‍ പോയിട്ട് തിരിച്ച് ബ്രിട്ടനില്‍ വരാന്‍ സാധിക്കാതെ കുടുങ്ങിക്കിടക്കുന്ന കാര്യവും പ്രധാനമന്ത്രിക്കുള്ള കത്തില്‍ ചൂണ്ടി കാണിച്ചിരുന്നു. കേരളത്തിലെ ദുരന്തത്തിന്റെ ആഴം വിശദീകരിക്കുന്ന കത്തില്‍ യു.കെ മലയാളികളെ പ്രശ്‌നബാധിത മേഖലകളില്‍ നിന്ന് തിരിച്ച് യു.കെയില്‍ എത്രയും വേഗം എത്തിക്കാനുള്ള ഇടപെടലാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. ഹാലിഫാക്‌സില്‍ താമസിക്കുന്ന ജോമി ജോര്‍ജ്, വെയ്ക്ഫീല്‍ഡ് സ്വദേശിയായ ലീലാമ്മ മാത്യൂ തുടങ്ങിയവര്‍ കേരളത്തിലുള്ള തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിന്റെ ആവശ്യകത ചൂണ്ടികാട്ടിയതാണ് ഇത്തരമൊരും കത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് എഴുതാന്‍ ജോജി തോമസിനെ പ്രേരിപ്പിച്ചത്.

നിലവിലുള്ള സാഹചര്യത്തില്‍ കേരളത്തില്‍ കുടുങ്ങിപ്പോയ പല യു.കെ മലയാളികള്‍ക്കും സ്‌കൂള്‍ തുറന്നാലും തിരിച്ച് യു.കെയില്‍ എത്താന്‍ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്. ഈ അവസരത്തില്‍ പ്രത്യേക വിമാന സര്‍വീസ് തുടങ്ങിയ ഇടപെടലുകള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയാണെങ്കില്‍ അത് കേരളം സന്ദര്‍ശിക്കാന്‍ പോയിരിക്കുന്ന യു.കെ മലയാളികള്‍ക്ക് വളരെയെധികം ആശ്വാസകരമാവും.