സ്വിൻഡൻ : വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം “ആർപ്പോ 2025” സ്വിൻഡനിലെ മെക്കാ ഓഡിറ്റോറിയത്തിൽ വച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച സെപ്റ്റംബർ 21ന് അതിഗംഭീരമായി ആഘോഷിച്ചു .വിൽഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി ജിജി സജി അധ്യക്ഷയായും സ്വിൻഡൻ മേയർ ഫെയ് ഹൊവാർഡ് ഉദ്ഘാടനം നിർവഹിച്ച ഓണാഘോഷ പരിപാടിയിൽ മുഖ്യ അതിഥികളായി സ്വിൻഡൻ എംപിയും, യുകെ പൊതു ഗതാഗത വകുപ്പ് മന്ത്രിയുമായ ഹെയ്‌ദി അലക്സാണ്ടർ, സ്വിൻഡൻ മുൻമേയറും കൗൺസിലറുമായ ഇമിത്യാസ് ഷേക്ക്, കൗൺസിലർ അഡോറബിൾ ഷെയ്ക്ക്, റീജണൽ കോളേജ് ഓഫ് നേഴ്സിങ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.
ഞായറാഴ്ച രാവിലെ 9 മണിക്ക് ഓണപ്പൂക്കളവും തുടർന്ന് കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത നിരവധി ഓണക്കളികളും പരിപാടികൾക്ക് മിഴിവേകി. തുടർന്ന് കൃത്യം 12 മണിക്ക് തന്നെ ആയിരത്തോളം ആളുകൾക്ക് സ്വാദിഷ്ടമായ ഓണസദ്യ, മട്ടാഞ്ചേരി കാറ്ററേഴ്സിന്റെ നേതൃത്വത്തിൽ നൽകുകയുണ്ടായി.
അഞ്ജന സുജിത്തിന്റെ പ്രാർത്ഥന ഗാനാലാപനവും അതിനെ തുടർന്ന് ഓണാഘോഷ വിളംബരം അസോസിയേഷൻ സെക്രട്ടറി ഷിബിൻ വർഗീസ് നിർവഹിച്ചതോടെ സാംസ്കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടർന്ന് സ്വിൻഡൻ സ്റ്റാർസിന്റെ ചെണ്ടമേളവും ആരവത്തോടും ആർപ്പുവിളികളോടും താളമേളങ്ങളോടും കൂടി മാവേലിയേയും മറ്റു വിശിഷ്ടതിഥികളെയും അസോസിയേഷൻ ഭാരവാഹികളെയും വേദിയിലേക്ക് ആനയിക്കപ്പെട്ടു. തുടർന്ന് പൊതുസമ്മേളനവും ഔപചാരിക ഉത്‌ഘാടനവും അതിനെത്തുടർന്ന് കേരളത്തിന്റെ തനത് സംസ്കാരത്തെ വിളിച്ചോതുന്ന വർണ്ണ ശബളിമയാർന്ന കലാമേളയും അരങ്ങേറുകയുണ്ടായി.
അസ്സോസിയേഷൻ സെക്രട്ടറി ഷിബിൻ വർഗീസ് ഏവരെയും സ്വാഗതം ആശംസിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ ഓണത്തിന്റെ മൂല്യങ്ങൾ നമ്മുടെ ഓരോരുത്തരുടെയും വ്യക്തിജീവിതത്തിലും കർമ്മ ജീവിതത്തിലും ഉണ്ടാകണമെന്നും അതിനായി ഒത്തുചേർന്ന് പ്രവർത്തിക്കാമെന്നും ഏവർക്കും ഓണത്തിന്റെ ആശംസകൾ നേർന്നുകൊണ്ട് ശ്രീ ഷിബിൻ വർഗീസ് ഏവരെയും ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്തു സംസാരിച്ചു.
മലയാളികളുടെ ഹൃദയ വികാരവും ഐക്യവും വിളിച്ചോതുന്ന ഏറ്റവും വലിയ ആഘോഷമാണ് ഓണമെന്നും തുമ്പയും പിച്ചയും പൂത്തുമ്പിയും ഓണത്തപ്പനും ഓണസദ്യയുമായി നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ ഏറെ ഗൃഹാതുരത്വം വിതയ്ക്കുന്ന നന്മയുടെ ഉത്സവമാണ് ഇന്നിവിടെ നാം ആഘോഷിക്കുന്നതെന്നും എല്ലാവരുടെയും ഹൃദയത്തിൽ നന്മയും ഐശ്വര്യവും നിലനിൽക്കട്ടെ എന്നും വിൽഷെയർ മലയാളികളുടെ ഹൃദയ സ്പന്ദനങ്ങളറിഞ്ഞു സാമൂഹികമായ ഏകീകരണത്തിന് ജാതി -മത- വർണ്ണ -വർഗ്ഗ -രാഷ്ട്രീയ ഭേദമില്ലാതെ ഏറെ ഒത്തൊരുമയിലാണ് നമ്മുടെ അസോസിയേഷൻ മുന്നോട്ടുപോകുന്നതെന്നും അത് മറ്റ് അസോസിയേഷനുകൾക്ക് മാതൃകയാണെന്നും ഏവർക്കും ഓണം ആശംസകൾ നേർന്നുകൊണ്ട് യോഗാധ്യക്ഷയും വിൽഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റുമായ ശ്രീമതി ജിജി സജി സംസാരിക്കുകയുണ്ടായി.
വിൽഷെയർ മലയാളീ അസോസിയേഷൻ അംഗങ്ങൾ സ്വിൻഡനിലെ സാമൂഹിക സാമ്പത്തിക മേഖലകളിലെ നിർണായക ഘടകമാണെന്നും ആരോഗ്യരംഗത്ത് മാത്രമല്ല മറ്റു ഇതര മേഖലകളിലും മലയാളികളുടെ സംഭാവന വിലമതിക്കാനാകാത്തതാണെന്നും മികച്ച സമൂഹത്തെ വാർത്തെടുക്കുന്നതിൽ വിൽഷെയർ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ ഏറെ ശ്ളാഘനീയമാണെന്നും അസോസിയേഷന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എന്നും ഒപ്പമുണ്ടാകുമെന്നും ഉത്ഘാടനം നിർവഹിച്ചുകൊണ്ട് മേയർ ഫെയ് ഹൊവാർഡ് അഭിപ്രായപ്പെട്ടു.
വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം തനത് സാംസ്‌കാരികതയെ വിളിചോതുന്നതാണെന്നും ആ സാംസ്കാരികതയുടെ ഭാഗമായി എത്തിച്ചേരാൻ സാധിച്ചത് ഭാഗ്യമായി കാണുന്നുവെന്നും രാജ്യത്തിൻറെ അഭിവൃദ്ധിയിൽ മലയാളികളുടെ പങ്ക് വളരെ വലുതാണെന്നും രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയും ഘടനാപരമായ കെട്ടുറപ്പും അത്യന്താപേക്ഷിതമാണെന്നും അതിൽ വിൽഷെയർ മലയാളീ അസോസിയേഷന്റെ പങ്ക് നിർണായകമാണെന്നും ഈ കൂട്ടായ്മ മറ്റു സാമുദായിക സംഘടനകൾക്ക് മാതൃകയാണെന്നും ഏവർക്കും ഓണാഘോഷത്തിന്റെ ആശംസകളറിയിച്ചുകൊണ്ട് മന്ത്രി ഹെയ്‌ദി അലക്സാണ്ടർ സംസാരിക്കുകയുണ്ടായി.
തുടർന്ന് സംസാരിച്ച മുൻമേയറും കൗൺസിലറും ആയ ശ്രീ ഇമിത്യാസ് ഷേക്ക് ഓണാശംസകളുടെ തുടക്കം മലയാളത്തിൽ സംസാരിച്ചത് വൻ കരഘോഷത്തോടെയാണ് വിൽഷെയർ മലയാളി സമൂഹം വരവേറ്റത്. വിൽഷെയർ മലയാളി കൂട്ടായ്മയിൽ പങ്കെടുക്കുക എന്നത് ഏറെ സന്തോഷമുള്ള നിമിഷങ്ങൾ ആണെന്നും മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു എന്നും ഓണാശംസകൾ നേർന്നുകൊണ്ട് കൗൺസിലർ ശ്രീ ഇമിത്യാസ് ഷേക്ക് സംസാരിച്ചു.
യുകെ മലയാളികളുടെ അഭിമാനവും റോയൽ കോളേജ് ഓഫ് നഴ്സിംഗ് ട്രേഡ് യൂണിയൻ പ്രസിഡണ്ടുമായ ശ്രീ ബിജോയ് സെബാസ്റ്റ്യൻ ഏവർക്കും ഓണാശംസകൾ നേർന്ന് സംസാരിച്ചു. ആരോഗ്യരംഗത്തെ സമകാലീന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും എങ്ങനെ തരണം ചെയ്യണമെന്നും യുകെയുടെ ആരോഗ്യരംഗത്ത് പ്രവാസികളുടെ പങ്ക് നിർണായകമാണെന്നും റോയൽ കോളേജ് ഓഫ് നേഴ്സിങ് ട്രേഡ് യൂണിയന്റെ കാഴ്ചപ്പാടുകളും നിലപാടുകളും അത് എൻഎച്ച്എസിനും ആരോഗ്യ മേഖലയിലെ ജീവനക്കാർക്കും എത്രമാത്രം പ്രയോജനകരമായി പ്രവർത്തിക്കാമെന്നും വളരെ വിശദമായി ശ്രീ ബിജോയ് സെബാസ്റ്റ്യൻ വിശദീകരിക്കുകയുണ്ടായി.
വിൽഷെയർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അംഗങ്ങളുടെ പ്രവർത്തനങ്ങളും ഐക്യവും ഏറെ പ്രശംസനീയമാണെന്നും അസോസിയേഷനുമായി ഏറെ അഭേദ്യമായ ബന്ധമാണുള്ളതെന്നും ഏവർക്കും ഓണാശംസകൾ നേർന്നുകൊണ്ട് കൗൺസിലർ അഡോറബിൾ ഷെയ്ക്ക് സംസാരിച്ചു. അതിനെ തുടർന്ന് ഓണാഘോഷം ആർപ്പോ 2025ന്റെ സന്ദേശം മഹാബലി നൽകുകയുണ്ടായി. പൊതുസമ്മേളനത്തിൽ GCSC പരീക്ഷയിലും A Level പരീക്ഷയിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ഒപ്പം തന്നെ, അസോസിയേഷന്റെ ഈ വർഷം നടത്തപ്പെട്ട കായിക മാമാങ്കത്തിൽ ചാമ്പ്യന്മാരായ ഈസ്റ്റ് സ്വിൻഡൺ അംഗങ്ങൾക്കുള്ള ചാംപ്യൻട്രോഫി ചടങ്ങിൽ നൽകപ്പെടുകയുണ്ടായി.
പൊതുസമ്മേളനത്തെത്തുടർന്ന് മലയാളത്തിന്റെ പാരമ്പര്യവും തനതു സംസ്കാരവും കോർത്തിണക്കിയ ദൃശ്യവിരുന്ന് വേദിയിൽ അരങ്ങേറുകയുണ്ടായി. രാജാ രവിവർമ്മ ചിത്രങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ നയന മനോഹരമായ നൃത്താവിഷ്കാരം അക്ഷരാർത്ഥത്തിൽ രവിവർമ്മ ചിത്രങ്ങൾക്ക് ജീവൻ സ്ഫുരിക്കുന്നതായി മാറി. തുടർന്ന് ക്ലാസിക്കൽ നൃത്ത ശില്പങ്ങളായ കഥകളി തെയ്യം മോഹിനിയാട്ടം ഭരതനാട്യം തിരുവാതിര തുടങ്ങിയവ വേദിയിൽ അനശ്വരമാക്കിയതോടൊപ്പം കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത സിനിമാറ്റിക് ഡാൻസും ഒപ്പം നിരവധി സംഗീതജ്ഞരുടെ സംഗീത പരിപാടികളും ഉന്നത നിലവാരം പുലർത്തിയതോടൊപ്പം എല്ലാ മലയാളികളെയും അക്ഷരാർത്ഥത്തിൽ ദൃശ്യശ്രവണ മാസ്മര ലോകത്തേക്ക് നയിക്കപ്പെടുന്നത് ആക്കി മാറ്റി.
ഓണാഘോഷപരിപാടികൾ മികവുറ്റതാക്കാൻ പ്രവർത്തിച്ച പ്രോഗ്രാം കോർഡിനേറ്റർസ്, ജയേഷ് കുമാർ, തുഫായേൽ, പ്രിയ ജോജി, ഗീതു അശോകൻ എന്നിവർ ഏറെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. പ്രോഗ്രാമിന്റെ അവതാരകനായ ടോണി സ്കറിയ,എൽദോ, അനു ചന്ദ്ര, ഷൈൻ അരുൺ എന്നിവർ മികവുറ്റ അവതരണ ശൈലി കാഴ്ചവച്ചു. ഓണാഘോഷ പരിപാടി കാര്യക്ഷമമായി പൂർത്തിയാക്കാൻ പ്രവർത്തിച്ച WMA കമ്മിറ്റി അംഗങ്ങൾ: ജിജി സജി, ഷിബിൻ വർഗീസ്, കൃതേഷ് കൃഷ്ണൻ, ടെസ്സി അജി, തേജശ്രീ സജീഷ്, ബൈജു വാസുദേവൻ, ഡോണി പീറ്റർ, മാത്യു കുര്യാക്കോസ്, സിറിൽ ഫിലിപ്പ്, ജൈസ് കെ ജോയി, മഞ്ജു ടോം, അനീഷ മോഹനൻ, രജിത നമ്പ്യാർ, സെലിൻ വിനോദ്, പൂർണിമ മേനോൻ, ജിജി അലക്സാണ്ടർ, എബി തോമസ്, ബൈജു ജേക്കബ്, ഡെന്നി വാഴപ്പിള്ളി, റജബിൽ ഹഖ്, ആൽബി ജോമി, ജോഷൻ ജോൺ, വർക്കി കുരുവിള, ഡോ. ഫെബിൻ ബഷീർ, റെയ്‌മോൾ നിധിരി, ജെയ്‌മി നായർ, രാജേഷ് നടേപ്പിള്ളി എന്നിവരാണ്.
സോണി കാച്ചപ്പിള്ളയുടെ ശബ്ദവും വെളിച്ചവും പരിപാടികൾക്ക് മിഴിവേകി. Color Media UK Ltd ന്റെ ദൃശ്യവിസ്മയം ഓണാഘോഷത്തെ വ്യത്യസ്ത അനുഭവമുള്ളതാക്കി തീർത്തു.
WMA യുടെ മുഖ്യ സ്പോൺസർ ആയ INFINITY FINANCIALS LTD നറുക്കെടുപ്പിലൂടെ സ്വർണനാണയം സമ്മാനമായി നൽകുകയുണ്ടായി. WMA ഒരുക്കിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലൂടെ നിരവധി പേർ സമ്മാനാർഹരായി. ഓണാഘോഷങ്ങളുടെ സുന്ദര നിമിഷങ്ങൾ ഒപ്പിയെടുത്ത് ബെറ്റെർഫ്രെയിംസ് രാജേഷ് നടേപ്പിള്ളി, ജിജു എന്നിവർ ഫോട്ടോഗ്രാഫിയും ജൈബിൻ, സോജി തോമസ് എന്നിവർ വീഡിയോഗ്രാഫിയും നിർവഹിച്ചു,
പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് ട്രഷറർ ശ്രീ കൃതേഷ് കൃഷ്ണൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.
Leave a Reply