സൗദിയില്‍ വനിതകള്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ആദ്യ ഇന്ത്യാക്കാരിയെന്ന നേട്ടത്തിന് ഉടമയായി മലയാളി നഴ്‌സ്. പത്തനംതിട്ട കുമ്പഴ പുതുപ്പറമ്പില്‍ മാത്യു.ടി.തോമസിന്റെ ഭാര്യ സാറാമ്മ തോമസാണ് (34) ഈ നേട്ടത്തിന് അര്‍ഹയായി മാറിയത്. ഇന്നലെയാണ് സാറാമ്മയ്ക്ക് ലൈസന്‍സ് ലഭിച്ചത്. ഒമ്പത് വര്‍ഷമായി സൗദി ദമാം ജുബൈല്‍ കിങ് അബ്ദുള്‍ അസീസ് നേവല്‍ ബേസ് മിലിട്ടറി ആശുപത്രിയില്‍ നഴ്‌സായി സേവനം അനുഷ്ഠിക്കുകയാണ് സാറാമ്മ.

ഈ മാസം 24 നാണ് സൗദിയില്‍ വനിതകളുടെ ഡ്രൈവിങ് വിലക്കിന് ഔചാരികമായി അന്ത്യം കുറിച്ചത്. കാലങ്ങളായി പല കോണുകളില്‍ നിന്നും ആവശ്യമയുര്‍ന്ന തീരുമാനമാണ് ജൂണ്‍ 24ന് സൗദി യഥാര്‍ത്ഥ്യമാക്കിയത്. അധ്യാപികമാരുടെ വാഹനങ്ങള്‍, സ്ത്രീകളുള്ള ടാക്സികള്‍, പെണ്‍കുട്ടികളുടെ സ്‌കൂള്‍ ബസുകള്‍ തുടങ്ങിയവ ഓടിക്കുന്നതിന് വനിതകള്‍ക്ക് രാജ്യം അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ സൗദിയില്‍ കാര്‍ റെന്റല്‍ സര്‍വീസുകള്‍ നടത്താനും വനിതകള്‍ക്ക് സാധ്യമായി.

രാജ്യത്ത് പ്രൈവറ്റ് ലൈസന്‍സ് ലഭിക്കുന്നതിനും ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിനും 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ 17 വയസ് പ്രായമുള്ളവര്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയില്ലാത്ത താല്‍ക്കാലിക ലൈസന്‍സ് അനുവദിക്കും. ഡ്രൈവിംഗ് ലൈസന്‍സുകളില്‍ ഉടമകളുടെ ഫോട്ടോ പതിക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലെ വ്യവസ്ഥകള്‍ തന്നെയായിരിക്കും വനിതകള്‍ക്കും ബാധകമെന്നു ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ടെസ്റ്റ് കൂടാതെ സൗദി ലൈസന്‍സ് അനുവദിച്ചിരുന്നു. എന്നാല്‍ വിദേശ ലൈസന്‍സിന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകാരമുള്ളതും കാലാവധിയുള്ളതുമായിരിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വാഹന പരിശീലനത്തിന് രാജ്യത്തെ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയിട്ടുണ്ട്.

സൗദി രാജാവ് സല്‍മാന്‍ 2017 സെപ്തംബര്‍ 27-ന് രാജകല്‍പനയിലുടെയാണ് വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കുന്ന ചരിത്രം തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്ത് നിലവില്‍ വനിതകള്‍ക്ക് ഡ്രൈവിംഗില്‍ പരിശീലനം നല്‍കുന്ന അഞ്ച് കേന്ദ്രങ്ങളാനുള്ളത്. വിദേശത്ത് നിന്നും ഡ്രൈവിംഗില്‍ ലൈസന്‍സ് നേടിയ സൗദി വനിതകളാണ് ഇവിടെ അധ്യാപികമാരായി ജോലി ചെയുന്നത്.