അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: കേരളാ ഗവണ്മെന്റിന്റെ പ്രവാസികളുടെ ഉന്നമനത്തിനും, ആവശ്യങ്ങൾക്കും സഹായമായി രൂപം കൊടുത്ത നോർക്കയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ പ്രൊഫഷണൽ ആൻഡ് ബിസിനെസ്സ് ലീഡർഷിപ്പ് മീറ്റിംഗിൽ യു കെ യിൽ നിന്നും ഷൈനു ക്ലെയർ മാത്യൂസും, ഷെഫ് ജോമോനും പങ്കു ചേരും. ആഗോള തലത്തിൽ ബിസിനെസ്സ് -മാനേജ്മെന്റ്- പ്രൊഫഷണൽ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നൂറോളം പ്രതിനിധികളാവും മീറ്റിംഗിൽ പങ്കുചേരുക.

സെപ്തംബർ മാസം 27 ന് കൊച്ചിയിൽ വെച്ച് നടക്കുന്ന ഗ്ലോബൽ മീറ്റിങ്ങിൽ ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിലും, യുകെയിലും, ഗൾഫിലും അറിയപ്പെടുന്ന വ്യക്തിത്വമായ ഷൈനു ക്ലെയർ മാത്യൂസ് നിലവിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് – കേരള ചാപ്റ്ററിന്റെ പ്രസിഡന്റാണ്. സമർപ്പിതയായ ഒരു ജീവകാരുണ്യ പ്രവർത്തകയും യുകെ, ദുബായ്, കേരളം എന്നിവിടങ്ങളിൽ ഹോട്ടലുകൾ, നഴ്സിംഗ് ഹോമുകൾ ഉൾപ്പെടെ സംരംഭങ്ങളുള്ള ഒരു ബിസിനസുകാരിയുമാണ് ഷൈനു. തന്റെ മികച്ച പ്രവർത്തന പരിചയവും, സംരംഭക എന്ന നിലയിലുള്ള അറിവും ക്രോഡീകരിച്ച് ഏറ്റവും മികച്ച പരിചരണവും, സന്തോഷകരവും, മികവുറ്റതുമായ സൗകര്യങ്ങളോടു കൂടിയ വാർദ്ധക്യ ഭവനങ്ങൾ സ്ഥാപിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രോജക്റ്റ് യോഗത്തിൽ ഷൈനു അവതരിപ്പിക്കും.

ആഗോളതലത്തിൽ ശ്രദ്ധേയനായ പാചക വിദഗ്ധൻ ഷെഫ് ജോമോൻ, പാശ്ചാത്യ രുചികളുമായി പരമ്പരാഗത മലയാളി പാചകരീതികളുടെ നൂതനമായ സംയോജനത്തിന് പേരുകേട്ട വ്യക്തിയാണ്. നിരവധി അംഗീകാരങ്ങൾ പാചക കലയിൽ നേടിയിട്ടുള്ള ഷെഫ് ജോമോൻ, പ്രമുഖരായ സെലിബ്രിറ്റികൾക്ക് ഭക്ഷണം തയ്യാറാക്കുകയും അവരുടെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയിട്ടുമുണ്ട്. കോവന്ററിയിലെ ടിഫിൻ ബോക്സിൽ ചീഫ് ഷെഫായ ജോമോൻ, കേരളത്തിന്റെ ഭക്ഷ്യപൈതൃകം ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നത്തിൽ എന്നും ശ്രദ്ധാലുവും കൂടിയാണ്. ഭാവി തലമുറകൾക്ക് മികച്ച ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള ഒരു മാർഗമായി കേരളത്തിന്റെ പരമ്പരാഗത ഭക്ഷണം, ഭക്ഷ്യ സംസ്ക്കാരം എന്നിവ സ്കൂൾ തലം മുതൽ പഠന വിഷയമായി ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം തന്റെ പ്രോജക്റ്റ് അവതരണത്തിൽ ഊന്നിപ്പറയും.

നിക്ഷേപം, സംസ്കാരം, സാമൂഹിക ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള ആഗോള ചർച്ചകളിൽ യുകെയുടെ ശക്തമായ സംഭാവനയെ ഈ രണ്ട് വിശിഷ്ട പ്രതിനിധികളുടെ പങ്കാളിത്തം എടുത്തുകാണിക്കുമെന്നതിൽ സംശയമില്ല.