ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്രാൻസിൽ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള ചാനൽ കടക്കാനുള്ള ശ്രമത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. 100 ഓളം പേരടങ്ങിയ സംഘം താത്കാലിക ബോട്ടിൽ രാത്രി പുറപ്പെട്ടെങ്കിലും കടലിൽ വൻ തിരമാലകൾ ഉണ്ടായതാണ് അപകടത്തിന് കാരണമായത്. നുഫ്ഷാത്തൽ-ഹാർഡെലോ തീരത്ത് പുലർച്ചെയാണ് അപകടം സംഭവിച്ചത് . കൊല്ലപ്പെട്ടത് സോമാലിയയിൽ നിന്നുള്ള രണ്ട് സ്ത്രീകളാണെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രക്ഷാപ്രവർത്തനം ദുഷ്കരമായ സാഹചര്യത്തിലായിരുന്നു നടന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . എന്നാൽ 60 പേരെ രക്ഷപ്പെടുത്തി സിവിൽ പ്രൊട്ടക്ഷൻ വിഭാഗത്തിന്റെ പരിചരണത്തിൽ എത്തിക്കാനായി എന്ന് ഫ്രഞ്ച് അധികൃതർ അറിയിച്ചു. പലർക്കും ക്ഷീണവും , വെള്ളത്തിൽ മുങ്ങിയത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്. ഹൈപോത്തേർമിയ ബാധിച്ച ദമ്പതികളെയും അവരുടെ കുഞ്ഞിനെയും അടിയന്തിരമായി ബുലോണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇതിനിടെ ഗ്രാവ്ലൈൻസ് മേഖലയിൽ മറ്റൊരു കുടിയേറ്റക്കാരന്റെ മൃതദേഹവും കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു.
ഈ വർഷം മാത്രം ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ 25 പേർ മരിച്ചതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് . കഴിഞ്ഞ വർഷം 50 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ബ്രിട്ടൻ–ഫ്രാൻസ് സർക്കാരുകൾ തമ്മിൽ അടുത്തിടെ ഒപ്പുവെച്ച കരാർ ഉണ്ടായിട്ടും കടൽ വഴി കുടിയേറ്റ ശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. സർ കിയർ സ്റ്റാർമർ ഇതിനെ “പൂർണ്ണമായും അംഗീകരിക്കാനാവാത്തത്” എന്ന് വിശേഷിപ്പിച്ചപ്പോൾ ആഭ്യന്തര മന്ത്രി ഷബാനാ മഹ്മൂദ് ഇത്തരം ശ്രമങ്ങൾക്ക് പിന്നിൽ മനുഷ്യക്കടത്ത് സംഘങ്ങളെയാണ് കുറ്റപ്പെടുത്തിയത്.
Leave a Reply