ലണ്ടന്‍: പാര്‍ലമെന്റിലുണ്ടായിരുന്ന ഭൂരിപക്ഷം നഷ്ടപ്പെടുത്തിയ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ ഖേദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി തെരേസ മേയ്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി സ്ഥാനത്തുതന്നെ തുടരുമെന്നും മേയ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതുപോലെയായില്ലെന്നും അവര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയെ മുടന്തിയായ കുതിരയെന്ന് ഒരു കണ്‍സര്‍വേറ്റീവ് മന്ത്രി വിശേഷിപ്പിച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍. ജി20 ഉച്ചകോടിക്ക് ജര്‍മനിയിലെ ഹാംബര്‍ഗിലാണ് പ്രധാനമന്ത്രി ഇപ്പോള്‍.

രണ്ടു വിധത്തില്‍ തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കാം. തിരിച്ചടി സമ്മതിച്ച് പിന്മാറാം. അല്ലെങ്കില്‍ ധീരമായി മുന്നോട്ടു പോകാം. രണ്ടാമത്തെ നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള തീരുമാനം ശരിയായിരുന്നുവെന്നാണ് താന്‍ ഇപ്പോളും കരുതുന്നത്. വ്യത്യസ്തമായ ഒരു ഫലമായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നുെ അവര്‍ വ്യക്തമാക്കി. യുകെയ്ക്ക് സുസ്ഥിരമായ ഒരു സര്‍ക്കാര്‍ എന്ന ലക്ഷ്യത്തിനായാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ഉദ്ദേശിച്ചാണ് ഇതെന്നും അവര്‍ പറഞ്ഞു.

അര്‍ജന്റീനയില്‍ നടക്കുന്ന അടുത്ത ജി20 ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി പങ്കെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് മേയ് ഇക്കാര്യം പറഞ്ഞത്. ഗാര്‍ഹിക പീഡനം, മാനസികാരോഗ്യം എന്നീ വിഷയങ്ങളില്‍ ക്വീന്‍സ് സ്പീച്ചില്‍ പ്രഖ്യാപിച്ച കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നുമെന്നും അവര്‍ വ്യക്തമാക്കി. ഹാംബര്‍ഗിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മേയ്.