തമിഴ്നാട്ടിലെ കരൂരില്‍ വിജയ്യുടെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ടദുരന്തത്തില്‍ 40 പേരുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും.
“കരൂരിലെ ദാരുണമായ സംഭവത്തില്‍ അതിയായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവര്‍ക്ക് കരുത്തും വേഗത്തിലുള്ള രോഗശാന്തിയും നേരുന്നു,” മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
“കരൂരിലെ ദാരുണമായ തിക്കിലും തിരക്കിലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ പ്രാര്‍ത്ഥനകള്‍. പരിക്കേറ്റവര്‍ക്ക് കരുത്തും വേഗത്തിലുള്ള രോഗശാന്തിയും നേരുന്നു,” എന്ന് മോഹന്‍ലാലും പ്രതികരിച്ചു
ശനിയാഴ്ച രാത്രി കരൂരിലെ വേലുച്ചാമിപുരത്ത് വിജയ് പ്രസംഗിക്കുന്നതിനിടെ ആയിരക്കണക്കിന് ആളുകള്‍ തടിച്ചു കൂടിയപ്പോഴാണ് ദുരന്തം സംഭവിച്ചത്. 15,000 പേര്‍ക്ക് മാത്രം സൗകര്യമുള്ള സ്ഥലത്ത് 50,000 പേര് തടിച്ചുകൂടിയത് അപകടത്തിന് കാരണമായി. ഇതുവരെ 95 പേര് ചികിത്സയിലാണ്. 51 പേര് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവര്‍ സ്വകാര്യ ആശുപത്രികളിലുമാണ്. ഒരാളുടെ നില ഗുരുതരമാണ്.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കുമെന്ന് ടിവികെ അധ്യക്ഷന്‍ വിജയ് പ്രഖ്യാപിച്ചു. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായമായി പ്രഖ്യാപിച്ചു.
Leave a Reply