തമിഴ്നാട്ടിലെ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് നിർണ്ണായക നീക്കങ്ങളിലേക്ക് കടക്കുന്നു. ടിവികെ ഭാരവാഹികളായ ബുസി ആനന്ദിനെയും നിർമൽ കുമാറിനെയും അറസ്റ്റ് ചെയ്യുന്നത് പരിഗണനയിലാണ് എന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതും, മുന്നറിയിപ്പ് നൽകിയിട്ടും നേതാക്കൾ അനുസരിക്കാതിരുന്നതും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, റാലിക്കെത്താൻ വിജയ് മനപ്പൂർവം നാല് മണിക്കൂർ വൈകിയതായും രേഖപ്പെടുത്തിയിട്ടുണ്ട്.
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി ഉയർന്നിരിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 65 കാരി സുഗുണയുടെ മരണമാണ് ഇന്ന് രാവിലെ റിപ്പോർട്ട് ചെയ്തത്. പൊലീസിന്റെയും സംഘാടകരുടെയും വീഴ്ചകളാണ് ദുരന്തത്തിന് കാരണമായതെന്ന് ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കി. അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. എ.ഡി.എസ്.പി പ്രേമാനന്ദനാണ് അന്വേഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
അതേസമയം, ടിവികെ അധ്യക്ഷൻ വിജയ് കടുത്ത മാനസിക സംഘർഷത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. വിജയ് കരൂരിലെ ദുരന്തഭൂമി സന്ദർശിക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമനും എൽ മുരുകനും സ്ഥലത്തെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. രാഹുൽ ഗാന്ധി വിജയിയെ ഫോൺ വഴി ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വാദപ്രതിവാദങ്ങളും ശക്തമാകുന്നുണ്ട്.
Leave a Reply