തിരുവനന്തപുരം ∙ ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കുന്ന സംസ്ഥാന സർക്കാർ പരിപാടിയായ മലയാളം വാനോളം, ലാൽസലാം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. “മോഹൻലാൽ നേടിയ നേട്ടം ഓരോ മലയാളിയുടെയും അഭിമാനമാണ്; ഇത് മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം തന്നെയാണ് എന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. അരനൂറ്റാണ്ടിലധികമായി മലയാള സിനിമയുടെ മുഖച്ഛായയായി മോഹൻലാൽ നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹൻലാലിലൂടെ മലയാളം വാനോളം ഉയർന്നുവെന്നും, കേരളം ഒന്നടങ്കം ലാൽ സലാം പറയുന്നുവെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പരാമർശിച്ചു. കൂടാതെ മോഹൻലാൽ മലയാളത്തിന്റെ ആത്മസ്പന്ദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവറിലെ അഭിനയം എക്കാലത്തെയും മികച്ചതാണെന്നും, ഒരേ സമയം നല്ല നടനും ജനപ്രീതിയുള്ള താരവുമാണ് മോഹൻലാലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
രണ്ട് ദശാബ്ദം മുമ്പ് തനിക്ക് ഫാൽക്കെ പുരസ്കാരം ലഭിക്കുമ്പോൾ ഇതു പോലെ ഒരാഘോഷം ഉണ്ടായിരുന്നില്ലെന്ന് അടൂർ ഗോപലാകൃഷ്ണൻ വേദിയിൽ പറഞ്ഞു. ഇന്നത്തെ ഈ ആഘോഷത്തിൽ അഭിമാനമുണ്ടെന്നും ഓരോ മലയാളിക്കും സ്വന്തം പ്രതിരൂപം മോഹൻലാലിലൂടെ കാണാൻ കഴിയുന്നുവെന്നും അടൂർ കൂട്ടിച്ചേർത്തു.
Leave a Reply