ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്റർ :- യുകെയിൽ നിയമവിരുദ്ധമായി താമസിക്കുന്ന 7.5 ലക്ഷം കുടിയേറ്റക്കാരെ അഞ്ച് വർഷത്തിനകം പുറത്താക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി പ്രഖ്യാപിച്ചു . പാർട്ടിയുടെ വാർഷിക സമ്മേളനത്തിന്റെ തുടക്കത്തിൽ പുറത്തുവിട്ട പദ്ധതിപ്രകാരം, അനധികൃതമായി യുകെയിൽ പ്രവേശിക്കുന്നവർക്ക് ഭാവിയിൽ അഭയം ആവശ്യപ്പെടാനുള്ള അവകാശം പൂർണ്ണമായി നിരസിക്കും. ഹോം ഓഫീസിന് കൂടുതൽ അധികാരം നൽകുന്ന ‘റിമൂവൽസ് ഫോഴ്‌സ്’ യൂണിറ്റിന് പ്രതിവർഷം £1.6 ബില്യൺ ഫണ്ടിങ് അനുവദിക്കുമെന്നും പാർട്ടി അറിയിച്ചു. നിലവിൽ 35,000 പേരെയാണ് വർഷത്തിൽ യുകെയിൽ നിന്ന് പുറത്താക്കുന്നത്, അതിൽ ഭൂരിഭാഗവും സ്വമേധയാ രാജ്യം വിടുന്നവരാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാർട്ടിയുടെ പുതിയ നയപ്രഖ്യാപന പ്രകാരം, യൂറോപ്യൻ കൺവെൻഷൻ ഓൺ ഹ്യൂമൻ റൈറ്റ്സിൽ (ECHR) നിന്നുള്ള യുകെയുടെ 75 വർഷത്തെ അംഗത്വം അവസാനിപ്പിക്കുമെന്ന് കൺസർവേറ്റീവുകൾ സ്ഥിരീകരിച്ചു. പൗരത്വം ലഭിക്കുന്നതിനുള്ള ഹർജികൾ കോടതികളിൽ അപ്പീൽ ചെയ്യാനുള്ള അവകാശം ഒഴിവാക്കും. അതിന് പകരം ഹോം ഓഫീസിലെ ഉദ്യോഗസ്ഥർ മുഖാന്തിരം ഹർജികൾ പരിഗണിക്കുമെന്നും പാർട്ടി പ്രഖ്യാപിച്ചു. കുടിയേറ്റക്കാർ, ഭാവിയിൽ അനധികൃതമായി പ്രവേശിക്കുന്നവർ, ചെറുകുറ്റങ്ങളൊഴികെയുള്ള വിദേശ കുറ്റവാളികൾ എന്നിവരെയെല്ലാം പുറത്താക്കാനുള്ള ലക്ഷ്യത്തോടെയാണ് പദ്ധതി. നിയമ സഹായത്തിന് സർക്കാർ ഫണ്ടിങ് ലഭിക്കില്ലെന്നും പാർട്ടി വ്യക്തമാക്കി.

യുഎസിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പാക്കിയ കുടിയേറ്റനിയന്ത്രണ മാതൃകയാണ് കൺസർവേറ്റീവ് പാർട്ടി മാതൃകയാക്കുന്നത്. അറസ്റ്റ് ചെയ്യുന്നവരുടെ തിരിച്ചറിയൽ ബയോമെട്രിക് ഡാറ്റയുമായി താരതമ്യം ചെയ്യാൻ പൊലീസ് അധികാരികൾക്ക് നിർദ്ദേശം നൽകും. 1,000 മുതൽ 2,000 വരെ ആളുകൾക്ക് താമസിക്കാൻ കഴിയുന്ന കുടിയേറ്റ തടങ്കൽ കേന്ദ്രം വികസിപ്പിക്കാനുള്ള പദ്ധതിയും ഉണ്ട്. കൺസർവേറ്റീവ് നേതാവ് കെമി ബാഡനോക്ക് അവതരിപ്പിച്ച ഈ പദ്ധതി റിഫോം യുകെ അവതരിപ്പിച്ചതിന് സമാനമായ കാര്യങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.