ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമൃത്സറിൽ നിന്നു ബർമിംഗ്ഹാമിലേക്കു വന്ന എയർ ഇന്ത്യ ഡ്രീംലൈനർ (AI117) വിമാനത്തിൽ യാത്രയ്ക്കിടെ സാങ്കേതിക തകരാറിന്റെ ഭാഗമായി റാം എയർ ടർബൈൻ (റാറ്റ്) പ്രവർത്തിച്ച വാർത്ത കടുത്ത ഞെട്ടലാണ് വ്യോമയാന മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത്. ലാൻഡിംഗിന് വെറും 400 അടി ബാക്കി നിൽക്കുമ്പോഴാണ് റാറ്റ് സ്വയം പുറത്തേക്ക് വന്നത്. വിമാനം സുരക്ഷിതമായി ബർമിംഗ്ഹാമിൽ ലാൻഡ് ചെയ്യാൻ കഴിഞ്ഞു.
വിമാനത്തിന്റെ എല്ലാ വൈദ്യുതി സ്രോതസുകളും നിലയ്ക്കുമ്പോഴാണ് റാറ്റ് സ്വയം പ്രവർത്തനത്തിലാകുന്നത്. കാറ്റിന്റെ സഹായത്തോടെ കറങ്ങിയാണ് റാറ്റ് അത്യാവശ്യ സംവിധാനങ്ങൾക്ക് ആവശ്യമായ വൈദ്യുതി നൽകുന്നത്. ജനറേറ്ററും എപിയുവും ബാറ്ററികളും തകരാറിലാകുമ്പോഴാണ് ഈ സംവിധാനം പ്രവർത്തിക്കുക. ഡ്രീംലൈനർ വിമാനത്തിൽ പൈലറ്റുകൾക്ക് റാറ്റ് കൃത്രിമമായി ഓൺ ചെയ്യാനാവില്ല. മറിച്ച് അപകടാവസ്ഥയിൽ മാത്രമേ അത് സ്വമേധയാ പ്രവർത്തനം ആരംഭിക്കൂ. മുൻകാലത്ത് നടന്ന അഹമ്മദാബാദ് അപകടത്തിലും ഇതുപോലൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന്റെ എല്ലാ ഇലക്ട്രിക്കൽ, ഹൈഡ്രോളിക് സംവിധാനങ്ങളും സാധാരണ നിലയിലാണെന്ന് വ്യക്തമാക്കി. എങ്കിലും കൂടുതൽ പരിശോധനകൾക്കായി ബർമിംഗ്ഹാമിൽനിന്ന് ഡൽഹിയിലേക്കുള്ള എഐ114 സർവീസ് റദ്ദാക്കി. യാത്രക്കാർക്കായി ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും, സുരക്ഷയ്ക്കാണ് എയർ ഇന്ത്യയുടെ പരമ മുൻഗണനയെന്നും അധികൃതർ അറിയിച്ചു.
Leave a Reply