ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബാങ്ക് ഓഫ് ഇംഗ്ലണ്ട് സാമ്പത്തിക മാന്ദ്യ പ്രവചനത്തെ നേരിടാൻ മത്സരപദ്ധതികൾ ആവിഷ്കരിച്ചുകൊണ്ട് ടോറി നേതൃത്വ എതിരാളികളായ റിഷി സുനക്കും ലിസ് ട്രസും. ട്രസിന്റെ “ഫണ്ട് ഇല്ലാത്ത” നികുതി വെട്ടിക്കുറവുകൾ പണപെരുപ്പിന്റെ ആക്കം കൂട്ടുമെന്ന് സുനക്ക് ആരോപിച്ചു. എന്നാൽ വ്യത്യസ്തമായ നടപടികൾ സ്വീകരിച്ചാൽ പണപ്പെരുപ്പം ഉണ്ടാവുകയില്ല എന്ന് ട്രസ് പ്രതികരിച്ചു. കുതിച്ചുയരുന്ന പണപെരുപ്പ് നിരക്കിനെ പിടിച്ചു നിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തി. അടിസ്ഥാനപലിശനിരക്ക് 1.25 ശതമാനത്തിൽ നിന്ന് 1.75 ശതമാനമായാണ് ഉയർത്തിയത്.

1995 – ന് ശേഷം ഒറ്റയടിക്ക് ഏർപ്പെടുത്തിയ ഏറ്റവും കൂടിയ പലിശ നിരക്ക് വർദ്ധനയാണ് ഇത്. സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് ബ്രിട്ടൻ നീങ്ങുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി. ഗ്യാസ് വില കുതിച്ച് ഉയരുന്നതിനാൽ പണപ്പെരുപ്പം 13 ശതമാനത്തിലധികം ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഈ ശൈത്യകാലത്ത് ഗ്യാസ് വില 50 ശതമാനത്തോളം ഉയരുന്നത് സാധാരണ കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ശൈത്യകാലത്തെ വാർഷിക ഊർജ്ജ ബിൽ 3,615 പൗണ്ടിൽ എത്തുമെന്ന് എനർജി കൺസൾട്ടന്റായ കോൺ‌വാൾ ഇൻ‌സൈറ്റ് പ്രവചിച്ചിരുന്നു. ഈ ആഴ്ച നടത്തിയ വിശകലനത്തിൽ, യുകെ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചും (എൻഐഇഎസ്ആർ) പറഞ്ഞിരുന്നു. പലിശനിരക്ക് കൂടുമ്പോൾ ബാങ്കുകളിൽ നിന്ന് പൊതുവിപണിയിലേക്ക് ഒഴുകുന്ന പണത്തിന്റെ അളവ് കുറയും. ഇത് നാണയപെരുപ്പം താഴാൻ സഹായിക്കും.