ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജാഗ്വർ ലാൻഡ് റോവർ (JLR) നേരിട്ട സൈബർ ആക്രമണത്തെ തുടർന്ന് ഉത്പാദനം താൽക്കാലികമായി നിർത്തിവച്ചിരുന്ന കമ്പനി പരിമിതമായ തോതിൽ നിർമ്മാണം പുനരാരംഭിക്കാൻ തയ്യാറെടുക്കുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . വെസ്റ്റ് മിഡ്‌ലാൻഡ്സിലെ വോൾവർഹാംപ്ടണിലുള്ള എഞ്ചിൻ നിർമ്മാണശാലയാണ് ആദ്യം പ്രവർത്തനം പുനരാരംഭിക്കുന്നത് . ചില ജീവനക്കാർ ഇതിനകം തന്നെ തിരികെ ജോലിയിൽ എത്തി . അതോടൊപ്പം സ്ലോവാക്യയിലെ നൈട്രയിലും സോളിഹല്ലിലുമുള്ള ഫാക്ടറികളിലും ഈ ആഴ്ചാവസാനത്തോടെ പരിമിതമായ ഉത്പാദനം പുനരാരംഭിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണ്. നൈട്രയിൽ ലാൻഡ് റോവർ ഡിഫൻഡർ നിർമ്മിക്കുമ്പോൾ സോളിഹല്ലിൽ റേഞ്ച് റോവർ പോലെയുള്ള ആഡംബര മോഡലുകൾ നിർമ്മിക്കപ്പെടുന്നു. കമ്പനി തന്റെ പ്രധാന നിർമ്മാണകേന്ദ്രങ്ങളിൽ ഉത്പാദനം പുനരാരംഭിക്കുന്നതിനായി ഘട്ടംഘട്ടമായ നടപടികളാണ് സ്വീകരിക്കുന്നത്.
ആഗസ്റ്റ് അവസാന ദിവസം നടന്ന ഈ സൈബർ ആക്രമണം JLR-ന്റെ ഉല്പാദന സംവിധാനങ്ങളെ താറുമാറാക്കിയിരുന്നു. വാഹന രൂപകൽപനാ സോഫ്റ്റ്‌വെയർ, വിതരണ ശൃംഖല, ഉത്പാദന സംവിധാനങ്ങൾ, വിൽപനാ ഡേറ്റാ തുടങ്ങിയവയെ എല്ലാം സൈബർ ആക്രമണം ബാധിക്കുകയും ചെയ്തു. കമ്പനി ഇപ്പോൾ നടത്തിയിട്ടുള്ള സങ്കീർണ്ണമായ ഐടി പുനർനിർമ്മാണത്തിന് ശേഷം ഉത്പാദനം ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് തുടക്കത്തിൽ പരിശോധിക്കുന്നതിനായിരിക്കും. പൂർണ്ണ തോതിലുള്ള ഉത്പാദനം ആരംഭിക്കാൻ കുറച്ച് ആഴ്ചകൾ കൂടി വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ലിവർപൂളിനടുത്തുള്ള ഹാലീവുഡ് ഫാക്ടറി വീണ്ടും പ്രവർത്തനം ആരംഭിക്കാൻ കുറച്ച് കൂടി സമയം എടുക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . JLR-ന്റെ എല്ലാ സാങ്കേതിക സംവിധാനങ്ങളും സുരക്ഷിതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി കമ്പനി സൈബർ സുരക്ഷാ വിദഗ്ധരോടും ദേശീയ സൈബർ സുരക്ഷാ കേന്ദ്രത്തോടും (NCSC) ചേർന്ന് പ്രവർത്തിക്കുന്നുണ്ട് .
ബ്രിട്ടീഷ് സർക്കാർ കഴിഞ്ഞ ആഴ്ച JLR-ക്കും അതിന്റെ വിതരണ ശൃംഖലയ്ക്കും പിന്തുണയായി സ്വകാര്യ വായ്പകളിൽ £1.5 ബില്യൺ ഗ്യാരണ്ടി നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട കരാറുകൾ ഇനിയും ഔദ്യോഗികമായി ഒപ്പുവെച്ചിട്ടില്ല. വിതരണക്കാർക്ക് അടിയന്തിര സാമ്പത്തിക സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കാനുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണ് . “ഞങ്ങളുടെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായ പുനരാരംഭത്തിനുള്ള പാതയിൽ മുന്നേറുകയാണ് എന്ന് JLR വക്താവ് വ്യക്തമാക്കി.
Leave a Reply