മരിച്ചയാളെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചുവെന്ന അവകാശവാദവുമായി രംഗത്തു വന്ന പാസ്റ്റര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ഫ്യൂണറല്‍ കമ്പനികള്‍. ആല്‍ഫ് ലുക്കാവു എന്ന പാസ്റ്ററാണ് മരിച്ചയാളെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചുവെന്ന് അവകാശപ്പെടുന്നത്. ശവപ്പെട്ടിയില്‍ കിടക്കുന്നയാളോട് എഴുന്നേല്‍ക്കൂ എന്ന് പാസ്റ്റര്‍ പറയുന്നതും കിടക്കുന്നയാള്‍ എഴുന്നേല്‍ക്കുന്നതുമായ വീഡിയോ വൈറലാണ്. ജോഹനാസ്ബര്‍ഗില്‍ പാസ്റ്റര്‍ ലുക്കാവുവിന്റെ പള്ളിയില്‍ വെച്ചു നടന്ന ഈ ‘പ്രദര്‍ശന’ത്തെ അപലപിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. തങ്ങളും ഈ പരിപാടിയില്‍ പങ്കെടുത്തുവെന്ന വിധത്തിലാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നതെന്ന് ഫ്യൂണറല്‍ കമ്പനികള്‍ പറയുന്നു.

കിംഗ്ഡം ബ്ലൂ, കിംഗ്‌സ് ആന്‍ഡ് ക്വീന്‍സ് ഫ്യൂണറല്‍ സര്‍വീസസ്, ബ്ലാക്ക് ഫീനിക്‌സ് എന്നീ മൂന്ന് കമ്പനികളാണ് തങ്ങളുടെ പേര് തട്ടിപ്പിന് ഉപയോഗിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ലുക്കൗവിനെതിരെ പ്രതിഷേധവുമായി പുരോഹിതന്‍മാരടക്കം രംഗത്തെത്തിയത്. ശവസംസ്‌ക്കാര ചടങ്ങും അതില്‍ കിടക്കുന്നയാളെ അടക്കം ലുക്കൗ കെട്ടിചമച്ചതാണെന്ന് ആളുകള്‍ ആരോപിച്ചു. ഇത്തരത്തിലുള്ള അത്ഭുതങ്ങളൊന്നും ഒരിക്കലും നടക്കില്ല. ലുക്കൗയും സഹപ്രവര്‍ത്തകരും പണത്തിനായി ജനങ്ങളെ കമ്പിളിപ്പിക്കുകയാണെന്ന് സാംസ്‌കാരിക സംരക്ഷണ കമ്മീഷന്‍ (സി ആര്‍ ആര്‍ റൈറ്റ്‌സ് കമ്മീഷന്‍) പറഞ്ഞു.

ലുക്കൗവിനെതിരെ വലിയ ക്യാംപെയ്‌നും ദക്ഷിണാഫ്രിക്കയില്‍ നടക്കുന്നുണ്ട്. ആത്മീയതയുടെ പേരില്‍ ഇത്തരം തട്ടിപ്പുകള്‍ സജീവമായതോടെ ജനങ്ങള്‍ വിഢ്ഢികളാവുകയാണെന്ന് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു. സ്വയം പ്രഖ്യാപിത പുരോഹിതനായ അല്‍ഫ് ലുക്കൗ. ഇയാള്‍ക്ക് യഥാര്‍ത്ഥ പാസ്റ്റര്‍മാരുമായി യാതൊരു ബന്ധവുമില്ലെന്നും ചിലര്‍ വാദിക്കുന്നു. ലുക്കൗവിന്റെ വ്യാജ ശവസംസ്‌ക്കാര ചടങ്ങും ഉയര്‍ത്തെഴുന്നേല്‍പ്പും വലിയ വിവാദമായതോടെ ലുക്കൗവിനെതിരെ നിയമനടപടിയുണ്ടാകുമെന്നാണ് സൂചന.