തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തി. സ്വർണം മോഷ്ടിച്ച പ്രതികളെ സംരക്ഷിച്ച ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം ക്ഷേത്രവിശ്വാസത്തെയും ആചാരങ്ങളെയും ബാധിക്കുന്നതായതിനാൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം മാത്രമേ ന്യായമായിരിക്കൂവെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
ദേവസ്വം മന്ത്രിക്ക് സ്വർണം ചെമ്പായതിനെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്നും, അതിനുശേഷവും പ്രതികളെ തന്നെയാണ് വീണ്ടും നിയോഗിച്ചതെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു. ഇതിൽ മുഖ്യമന്ത്രിക്കും കൂട്ടുത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ ഇടപെടലില്ലായിരുന്നെങ്കിൽ സത്യാവസ്ഥ പുറത്തുവരുമായിരുന്നില്ലെന്നും, സ്വർണ്ണപ്പാളി മോഷണത്തിൽ സർക്കാർ, ദേവസ്വം ബോർഡ് എന്നിവർ പരസ്പരം പഴിചാരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് വിഷയത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണത്തിനായി സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനപ്രകാരം ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഒക്ടോബർ 9-ന് പത്തനംതിട്ടയിൽ നടക്കുന്ന പ്രതിഷേധ സംഗമം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും.
Leave a Reply