ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റൈൻ ഒരിക്കൽ ഉപയോഗിച്ചിരുന്ന വയലിൻ ലേലത്തിൽ വിറ്റുപോയി. ഇംഗ്ലണ്ടിലെ ഗ്ലൂസ്റ്റർഷയറിലെ സൗത്ത് സെർണിയിലുള്ള ഡൊമിനിക് വിന്റർ ഓക്ഷൻ ഹൗസിൽ നടന്ന ലേലത്തിലാണ് 1894-ൽ നിർമ്മിച്ച സുന്‍ററർ വയലിൻ £8.6 ലക്ഷം വിലയ്ക്ക് വിറ്റത്. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം ₹9 കോടി ആണ് . തുടക്കത്തിൽ ഈ വയലിന് £3 ലക്ഷം വരെ ലഭിക്കാമെന്നായിരുന്നു വിലയിരുത്തിയിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ മൂന്നു മടങ്ങ് വിലയാണ് ലഭിച്ചത് . കമ്മീഷൻ ഉൾപ്പെടുത്തി നോക്കുമ്പോൾ ആകെ വില ഒരു കോടി പൗണ്ടിൽ കൂടുതൽ ആയിരിക്കും.
1932-ൽ ഈ വയലിനും മറ്റു ചില വസ്തുക്കളും ഐൻസ്റ്റൈൻ സമ്മാനിച്ചത് അടുത്ത സുഹൃത്തും ശാസ്ത്രജ്ഞനുമായ മാക്സ് വോൺ ലാവുവിനാണ് . പിന്നീട് അദ്ദേഹം അത് മാർഗരറ്റ് ഹോംറിച്ചെന്ന ആരാധികയ്ക്കു നൽകുകയായിരുന്നു . ഇപ്പോഴാണ് അവളുടെ അഞ്ചാം തലമുറയിലെ ഒരു ബന്ധു ഈ വസ്തുക്കൾ ലേലത്തിന് വെച്ചത്. അതോടൊപ്പം ഐൻസ്റ്റൈൻ സുഹൃത്തിന് സമ്മാനിച്ച ഒരു തത്ത്വചിന്താ പുസ്തകവും £2,200ക്ക് വിറ്റു. എന്നാൽ ഐൻസ്റ്റൈന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബൈക്ക് സാഡിൽ വിറ്റുപോയില്ല. അത് പിന്നീട് വീണ്ടും ലേലത്തിന് വരാനാണ് സാധ്യത.
ഐൻസ്റ്റൈൻ ചെറുപ്പത്തിൽ തന്നെ സംഗീതത്തോടും വയലിൻ വായനയോടും വലിയ താൽപര്യം കാണിച്ചിരുന്നു. “ശാസ്ത്രജ്ഞനായില്ലായിരുന്നെങ്കിൽ സംഗീതജ്ഞനായേനെ” എന്നായിരുന്നു അദ്ദേഹം ഒരിക്കൽ പറഞ്ഞത് . നാലാം വയസ്സിൽ വയലിൻ പഠനം തുടങ്ങിയ ഐൻസ്റ്റൈൻ ജീവിതത്തിന്റെ അവസാനംവരെ പ്രതിദിനം അത് വായിക്കാറുണ്ടായിരുന്നു. 2018-ൽ അമേരിക്കയിൽ അദ്ദേഹത്തിന് സമ്മാനിച്ച മറ്റൊരു വയലിൻ $5.16 ലക്ഷം (ഏകദേശം ₹4 കോടി) വിലയ്ക്ക് വിറ്റതിനു ശേഷമാണ് ഈ പുതിയ ലേലവും ചരിത്രത്തിലെ ഏറ്റവും വിലയേറിയ സംഗീതോപകരണ വിൽപനയായി മാറിയത്.
Leave a Reply