ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടൻ സർക്കാർ എൻ എച്ച് എസ് മരുന്നുകൾക്കായി ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് നൽകുന്ന തുക 25 ശതമാനം വരെ വർധിപ്പിക്കാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ കുറെ നാളുകളായി ഡൊണാൾഡ് ട്രംപ് ഭരണകൂടത്തോടും മരുന്ന് കമ്പനികളോടും നടത്തിയ ഉന്നതതല ചർച്ചകളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം കൈക്കൊള്ളുന്നത് . ഇപ്പോൾ പുതിയ മരുന്നുകൾ എത്ര ചെലവിൽ നല്ല ഫലപ്രാപ്തി നൽകുന്നു എന്നത് വിലയിരുത്താനുള്ള മാനദണ്ഡം 1999 മുതൽ മാറ്റമില്ലാതെ തുടരുകയാണ്. ഇതിൽ 25 ശതമാനം വർദ്ധനവ് പരിഗണിക്കപ്പെടുന്നു എന്നാണ് അറിയാൻ സാധിച്ചത്. ഇതുവഴി പുതിയ മരുന്നുകൾ രോഗികൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും.
നിലവിൽ എൻ എച്ച് എസ് കൂടിയ മൂല്യമുള്ളതായി കണക്കാക്കുന്ന മരുന്നുകൾ ഓരോ രോഗിക്കുമായി £20,000 മുതൽ £30,000 വരെയാണ് ചെലവാക്കുന്നത്. എന്നാൽ വ്യവസായ സംഘടനയായ ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് അസോസിയേഷൻ ഈ പരിധി £40,000 മുതൽ £50,000 വരെ ഉയർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് മരുന്നുകൾക്ക് കൂടുതൽ പണം ചെലവാക്കേണ്ടി വരും. അതിനാൽ എൻ എച്ച് എസിന്റെ ബഡ്ജറ്റിൽ കൂടുതൽ തുക മരുന്നുകൾക്കായി മാറ്റി വയ്ക്കേണ്ട സാഹചര്യം ഉണ്ടാകും. പുതിയ മരുന്നുകളിലൂടെ രോഗനിവാരണവും മുൻകരുതലും മെച്ചപ്പെടുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത് .
ഇതിനിടെ ട്രംപ് ഭരണകൂടം അമേരിക്കയിൽ മരുന്നുകളുടെ വില കുറയ്ക്കാനും, അതിന് പകരമായി മറ്റ് രാജ്യങ്ങളിൽ വില കൂട്ടാനും കമ്പനികളോട് സമ്മർദ്ദം ചെലുത്തുകയാണ് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ട്രംപ് കഴിഞ്ഞ മാസം മരുന്ന് ഇറക്കുമതികൾക്ക് 100 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതും ബ്രിട്ടനിൽ ആശങ്ക സൃഷ്ടിച്ചു. ഇതിനിടെ ആസ്ട്രസെനെക്ക, എംഎസ്ഡി, എലി ലില്ലി തുടങ്ങിയ പ്രമുഖ കമ്പനികൾ ബ്രിട്ടനിലെ ചില നിക്ഷേപ പദ്ധതികൾ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.
Leave a Reply