ന്യൂസ് ഡെസ്ക്, മലയാളം യുകെ
റ്റിജി തോമസ് രചിച്ച് മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറുകഥാ സമാഹാരത്തിന്റെ കവർപേജ് കേംബ്രിഡ്ജ് മുൻ മേയർ അഡ്വ. സോൾ. ബൈജു തിട്ടാല പ്രകാശനം ചെയ്തു. ഒക്ടോബർ 14-ാം തീയതി മാക്ഫാസ്റ്റ് കോളേജിൻറെ ജൂബിലിയോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവഹിക്കും.
മലയാളത്തിൻറെ പ്രിയ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ഡോ. ഐഷ വി എഴുതിയ പഠനവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച റ്റിജി തോമസിന്റെ കഥകളിൽ നിന്ന് തിരഞ്ഞെടുത്ത 12 കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ കഥകൾക്കും രേഖാ ചിത്രങ്ങളും പുസ്തകത്തിൻറെ കവർ പേജും തയ്യാറാക്കിയത് എഴുത്തുകാരിയും ചിത്രകാരിയുമായ അനുജ ടീച്ചറാണ്. ഈ പുസ്തകത്തിലെ കഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചപ്പോൾ അതിന് രേഖാചിത്രം തയ്യാറാക്കിയ പ്രശസ്ത ചിത്രകാരൻ മദനൻ ഉൾപ്പെടെയുള്ളവരുടെ വരകൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കാർട്ടൂണിസ്റ്റും എഴുത്തുകാരനും ഗ്രാഫിക് ഡിസൈനർ കൂടിയായ ഒ.സി. രാജുവാണ് ഈ പുസ്തകത്തിൻ്റെ ലേ-ഔട്ട് പ്രിൻ്റിംഗ് ജോലികൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
മലയാളത്തിലെ മുൻനിര ആനുകാലികങ്ങളിലും ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള റ്റിജി തോമസിന്റെ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് അദ്ദേഹം . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുള്ള റ്റിജി കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. നിലവിൽ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവിയാണ്.
ഇത് മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന രണ്ടാമത്തെ പുസ്തകമാണ്. മലയാളം യുകെ പബ്ലിക്കേഷൻ്റെ ആദ്യ പുസ്തകമായ ശർക്കരവരട്ടി എന്ന കഥാ സമാഹാരം പ്രകാശനം ചെയ്ത് കേവലം ഒരു മാസത്തിനുള്ളിലാണ് രണ്ടാമത്തെ പുസ്തകം വായനക്കാരിലേക്ക് എത്തുന്നത് .
Leave a Reply