ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈ സന്ദർശനം ചരിത്രത്തിൽ ഇടംപിടിക്കുന്നതാണ്. പ്രധാനമന്ത്രിയായതിനുശേഷമുള്ള തന്റെ ആദ്യ സന്ദർശനത്തിനായി ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്തും. തന്റെ ഇന്ത്യൻ സന്ദർശനത്തിനിടയിൽ ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നതിനുള്ള ചർച്ചകൾ നടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിൽ ജനിച്ചുവളർന്ന ഭാര്യ അക്ഷത മൂർത്തിയും പ്രധാനമന്ത്രിക്കൊപ്പം എത്തുന്നുണ്ട്. ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന്റെ സ്ഥാപകരിലൊരാളായ എൻ ആർ നാരായണമൂർത്തിയുടെ മകളാണ് അക്ഷത മൂർത്തി .


ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെട്ടതാണ് ജി 20 . തൻറെ ഇന്ത്യൻ സന്ദർശനത്തിനിടയിൽ റിഷി സുനക് ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ കാണും . യുകെ- ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ച് ചർച്ചകൾ നടക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ വർഷാരംഭത്തിന് മുമ്പായി കരാർ നിലവിൽ വരുമെന്നാണ് ഇന്ത്യയുടെ ധനമന്ത്രിയായ നിർമലാ സീതാരാമൻ നേരത്തെ പറഞ്ഞത്. എന്നാൽ കരാർ നിലവിൽ വരാനുള്ള സമയ പരുധിയെ കുറിച്ച് എന്തെങ്കിലും സൂചനകൾ തരാൻ യുകെ ഇതുവരെ തയ്യാറായിട്ടില്ല.


നാളെ ഉദ്ഘാടനം നടക്കുന്ന ജി 20 ഉച്ചകോടിയിൽ ചൈനയുടെയും റഷ്യയുടെയും പ്രസിഡന്റുമാർ വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ . സംയുക്ത പ്രസ്താവനയുടെ കരടിൽ ഉക്രയിൻ വിഷയത്തെ ചൊല്ലി അംഗരാജ്യങ്ങളുടെ ഇടയിൽ ഭിന്നത നിൽക്കുന്നുണ്ട്. റഷ്യയെ വിമർശിക്കുന്നതായിരുന്നു കഴിഞ്ഞ വർഷത്തെ ജി 20 ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന. ഈ വർഷത്തെ സംയുക്ത പ്രസ്താവനയിൽ ഉക്രയിൻ സംഘർഷത്തെ അപലപിക്കുന്ന ഭാഗത്ത് റഷ്യയുടെയും ചൈനയുടെയും അഭിപ്രായം കൂടി രേഖപ്പെടുത്തണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.