ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രമുഖ സർവകലാശാലകളായ ലാങ്കാസ്റ്റർ സർവകലാശാലയും സർറി സർവകലാശാലയും ഇന്ത്യയിൽ ക്യാംപസ് ആരംഭിക്കാൻ അനുമതി നേടി. ബംഗളൂരുവിലും ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുമാണ് ഇവയുടെ ക്യാംപസുകൾ സ്ഥാപിക്കപ്പെടുന്നത്. ഇതോടെ ഇന്ത്യയിൽ ക്യാംപസ് ആരംഭിക്കാൻ അനുമതി ലഭിച്ച യുകെ സർവകലാശാലകളുടെ എണ്ണം ഒമ്പതായി. യുകെ പ്രധാനമന്ത്രി കിയർ സ്റ്റാർമറിന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ചാണ് അനുമതി പത്രങ്ങൾ കൈമാറിയത്.

ഇതിനോടൊപ്പം ലിവർപൂൾ, യോർക്ക്, അബർഡീൻ, ബ്രിസ്റ്റൽ സർവകലാശാലകൾക്കും ഇന്ത്യയിൽ ശാഖകൾ ആരംഭിക്കാനുള്ള ‘ലെറ്റർ ഓഫ് ഇൻറന്റ്’ യു.ജി.സി. നൽകി. കഴിഞ്ഞ സെപ്റ്റംബർ മുതൽ ഗുർഗാവിൽ പ്രവർത്തനം ആരംഭിച്ച സൗത്താംപ്ടൺ സർവകലാശാലയിൽ 140 ഇന്ത്യൻ വിദ്യാർത്ഥികളാണ് ആദ്യ ബാച്ചിൽ പഠനം ആരംഭിച്ചത്. യു.ജി.സി.യുടെ 2023 ലെ നിയമങ്ങൾ പ്രകാരം, ഇന്ത്യയിൽ ക്യാംപസ് തുടങ്ങാൻ ആഗ്രഹിക്കുന്ന വിദേശ സർവകലാശാലകൾ ലോക റാങ്കിംഗിൽ 500ൽ ഉൾപ്പെടണമെന്നാണ് നിബന്ധന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ പുതിയ ക്യാംപസുകൾ വഴി ബ്രിട്ടീഷ് വിദ്യാഭ്യാസ മേഖലയ്ക്ക് 50 മില്യൺ പൗണ്ട് വരെ സാമ്പത്തിക നേട്ടം ലഭിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഇപ്പോൾ 40 മില്യൺ വിദ്യാർത്ഥികൾ സർവകലാശാലകളിൽ പഠിക്കുന്നുണ്ട് . എന്നാൽ 2035ഓടെ 70 മില്യൺ സീറ്റുകൾ ആണ് രാജ്യത്ത് ആവശ്യമായി വരുന്നത് . അതിനാൽ യുകെയിൽ ലഭിക്കുന്ന ലോകോത്തര വിദ്യാഭ്യാസം ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് സ്വന്തം നാട്ടിൽ ലഭ്യമാകുന്നതോടൊപ്പം ബ്രിട്ടീഷ് സമ്പദ്‌ വ്യവസ്ഥയ്ക്കും വലിയ ഉത്തേജനം നൽകാൻ ഈ പദ്ധതിക്ക് സാധിക്കും എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ വ്യക്തമാക്കി.


യുകെ സർവകലാശാലകളുടെ കടന്ന് വരവ് ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ മത്സരാധിഷ്ഠിതമാക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഗുണമേന്മയുള്ള പഠനരീതികളും ആഗോള നിലവാരമുള്ള പാഠ്യപദ്ധതികളും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇതിലൂടെ ലഭ്യമാകും. എന്നാൽ ഇന്ത്യൻ സർവകലാശാലകൾ ഈ മാറ്റത്തിന് അനുയോജ്യമായി മാറാതിരുന്നാൽ അവരുടെ പ്രാധാന്യം കുറയാനിടയുണ്ട്.