ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- ബ്രിട്ടന്റെ സാമ്പത്തികരംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുവാൻ പദ്ധതികളുമായി ചാൻസലർ റിഷി സുനക്. ജനങ്ങളുടെ കയ്യിലുള്ള ഔദ്യോഗിക കറൻസി ഒഴിവാക്കി, ഡിജിറ്റൽ കറൻസിയായ ‘ബ്രിറ്റ് കോയിൻ ‘ ഔദ്യോഗികമാക്കാനുള്ള തീരുമാനങ്ങളാണ് ചാൻസലർ മുന്നോട്ടുവച്ചിരിക്കുന്നത്. നിലവിലുള്ള സ്റ്റെർലിംഗിന് പകരമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുല്യ അനുപാതത്തിലുള്ള ഡിജിറ്റൽ കറൻസി നിലനിർത്താനാണ് പുതിയ പദ്ധതികൾ പ്രകാരമുള്ള തീരുമാനം. എന്നാൽ ഇത്തരത്തിൽ ഡിജിറ്റൽ കോയിൻ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തകർക്കുമെന്ന അഭിപ്രായം വിദഗ്ധരുടെ ഇടയിലുണ്ട്. ബ്രിറ്റ് കോയിനിന്റെ ഗുണങ്ങളെപ്പറ്റി പഠിക്കുവാനായി പ്രത്യേക സമിതിയും ചാൻസലർ രൂപീകരിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ഡിജിറ്റൽ കറൻസി ഓൺലൈൻ രീതിയിലുള്ള പണമിടപാടുകളുടെ സമയവും ചിലവും കുറയ്ക്കും. നിലവിൽ തന്നെ ക്രിപ്റ്റോകറൻസികളെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം വളരെയധികം വർദ്ധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ ഇത്തരമൊരു നീക്കം ഗുണംചെയ്യുമെന്ന് വിലയിരുത്തുന്നവരും ഉണ്ട്. മറ്റ് രാജ്യങ്ങളിലും ഇത്തരത്തിൽ ഡിജിറ്റൽ ക്രിപ്റ്റോകറൻസികൾ നടപ്പിലാക്കാനുള്ള തീരുമാനങ്ങൾ നടന്നുവരുന്നു. ചൈനയും, യു എസുമെല്ലാം ഈ രാജ്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടുമായി നേരിട്ട് ലിങ്ക് ചെയ്ത അക്കൗണ്ടുകളിൽ ഇത്തരം ഡിജിറ്റൽ കറൻസികൾ നിലനിർത്താം. ബ്രിറ്റ് കോയിനുകൾക്ക് പലിശ നിരക്കുകൾ ഏർപ്പെടുത്തണമോ എന്നത് സംബന്ധിച്ച് ഇതു വരെയും തീരുമാനമായിട്ടില്ല. റിട്ടെയിൽ കമ്പനികളിലേയ്ക്കുള്ള സാധാരണ പണമിടപാടുകൾക്കും ഇനി മുതൽ ഡിജിറ്റൽ കറൻസികൾ ഉപയോഗിക്കാം. എന്നാൽ ഓരോ ഉപഭോക്താവിനും കൈവശം വെക്കാനാകുന്ന ബ്രിറ്റ് കോയിനിന്റെ എമൗണ്ടിൽ പരിധി ഉണ്ടാകും. ഇതോടൊപ്പം തന്നെ ജനങ്ങൾക്ക് സ്റ്റെർലിങ്ങും, ബ്രിറ്റ് കോയിനും തമ്മിൽ സുഗമമായി മാറ്റാനുള്ള സൗകര്യവും ഉണ്ടാകും.