ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലേക്ക് കുടിയേറ്റത്തിന് വഴിയൊരുക്കുന്ന വ്യാജ തൊഴിൽ സ്ഥാപനങ്ങളുടെ എണ്ണം കുത്തനെ വർധിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഹോം ഓഫീസ് അംഗീകരിച്ച ‘സ്കിൽഡ് വർക്കർ’ വിസ നൽകുന്നതിനുള്ള സ്പോൺസർ സ്ഥാപനങ്ങളുടെ എണ്ണം അഞ്ചുവർഷത്തിനിടെ 30,000ൽ നിന്ന് 1,18,000 ആയി ഉയർന്നതായുള്ള കണക്കുകൾ ആണ് ചർച്ചയായിരിക്കുന്നത് . ഇവയുടെ പേരിൽ നിരവധി സംശയാസ്പദ സ്ഥാപനങ്ങൾ കുടിയേറ്റത്തിന് അനധികൃത വഴികൾ ഒരുക്കുന്നുവെന്നാണ് ആരോപണം.
റിപ്പോർട്ടുകൾ പ്രകാരം കഫേകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ തുടങ്ങിയവയാണ് പ്രധാന സ്പോൺസർമാരായി മുന്നിൽ. ഇതിന് പുറമെ, ഏകദേശം 1,000 ചെറുകടകളും മിനി മാർക്കറ്റുകളും, 700 ഹലാൽ ഫുഡ് കമ്പനികളും, 400 മിനികാബ്-ഡെലിവറി സ്ഥാപനങ്ങളും, 300 ഹെയർഡ്രസേഴ്സ്-ബാർബർ ഷോപ്പുകളും “സ്കിൽഡ് വർക്കർ” വിസക്ക് സ്പോൺസർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ വിഭാഗങ്ങൾ കുടിയേറ്റത്തിന് വ്യാജ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പ്രധാന മാർഗങ്ങളാണെന്ന് അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
ലേബർ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷമുള്ള ആദ്യ പന്ത്രണ്ട് മാസത്തിനിടെ 35,000-ത്തോളം പുതിയ സ്പോൺസർ അപേക്ഷകൾ ഹോം ഓഫീസ് സ്വീകരിച്ചിരുന്നു. അതിൽ 79.6 ശതമാനം അപേക്ഷകൾ അംഗീകരിക്കപ്പെട്ടു. ഇതിലൂടെ വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ വഴി കുടിയേറ്റം വർധിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. “സ്റ്റാൻഡ് ഫോർ അവർ സോവറൻിറ്റി”യും “ഫാക്ട്സ്4EU”യും നടത്തിയ വിശകലനത്തിലാണ് ഈ വിവരങ്ങൾ പുറത്ത് വന്നത്.
ഹോം ഓഫീസിന്റെ ലൈസൻസ് വിതരണം സംബന്ധിച്ച് വ്യാപകമായ അഴിമതി നടന്നതാണ് ഇപ്പോൾ ചർച്ചയാവുന്നത്. അപേക്ഷിച്ചാൽ ഏതൊരാൾക്കും സ്പോൺസർഷിപ്പ് ലൈസൻസ് ലഭിക്കുന്ന രീതിയിലാണ് നടപടിയെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നു വരുന്ന ആരോപണം . നിയമപരമായ പരിശോധനകളും പശ്ചാത്തല പരിശോധനകളും ഇല്ലാതെയാണ് ഭൂരിപക്ഷം സ്ഥാപനങ്ങൾക്കും അനുമതി നൽകിയതെന്ന സൂചനകൾ വരും കാലങ്ങളിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചേക്കും . ഇതിലൂടെ വ്യാജ തൊഴിൽ സ്ഥാപങ്ങൾ മുഖേന കുടിയേറ്റക്കാർക്ക് ബ്രിട്ടനിലേക്ക് പ്രവേശിക്കാൻ എളുപ്പമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടുവെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ഗൗരവമായ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ മുന്നോട്ടു വന്നിട്ടുണ്ട്.
Leave a Reply