ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ഈസ്റ്റ് ലണ്ടൻ മസ്ജിദ് സംഘടിപ്പിച്ച ‘മുസ്ലിം ചാരിറ്റി റൺ’ എന്ന 5 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തോണിൽ 12 വയസിന് മുകളിലുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാൻ നിരോധനം ഏർപ്പെടുത്തിയത് വിവാദമായി . പുരുഷന്മാർക്കും 12 വയസിന് താഴെയുള്ള പെൺകുട്ടികൾക്കും മാത്രം അനുവദിച്ചതായി വെളിപ്പെട്ടതോടെ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായി. ലണ്ടനിലെ ടവർ ഹാമ്ലെറ്റ്സിലെ വിക്ടോറിയ പാർക്കിലാണ് മാരത്തോൺ നടക്കുന്നത് . വർഷങ്ങളായി നടക്കുന്ന ഈ പരിപാടിയിൽ സ്ത്രീകൾക്കുള്ള വിലക്കിനെ സംബന്ധിച്ച് ഇതാദ്യമായാണ് പൊതുവേദിയിൽ ശക്തമായ വിമർശനം ഉയരുന്നത്.
സ്ത്രീ അവകാശ പ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും ഇതിനെ “നിയമവിരുദ്ധവും സ്ത്രീ വിരുദ്ധവുമാണ്” എന്ന് ശക്തമായി വിമർശിച്ചു. , ഈ നീക്കം “ഇക്വാലിറ്റി ആക്ട്” ലംഘിക്കുന്നതാണ് എന്നും, പൊതുസ്ഥലത്ത് നടക്കുന്ന ഒരു ചാരിറ്റി പരിപാടിയിൽ മതത്തിന്റെ പേരിൽ സ്ത്രീകളെ ഒഴിവാക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണെന്നും മുസ്ലിം വിമൺസ് നെറ്റ്‌വർക്ക് യുകെ യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബാരോണസ് ഷൈസ്ത ഗോഹിർ ഒബിഇ ‘ അഭിപ്രായപ്പെട്ടു. ഇത് പരസ്യമായ ലിംഗ വിവേചനമാണ് എന്നും സ്ത്രീകളുടെ പൊതുപ്രവർത്തന പങ്കാളിത്തം തടയുന്ന പാശ്ചാത്യ സമൂഹത്തിൽ കാണാൻ പാടില്ലാത്ത സംഭവമാണിതെന്നും ഫെമിനിസ്റ്റ് ഗ്രൂപ്പായ പാർട്ടി ഓഫ് വിമൺ സ്ഥാപക കേളി-ജേ കീൻ പറഞ്ഞു,
അതേസമയം, മസ്ജിദ് അധികൃതർ ആരോപണങ്ങൾ തള്ളി. അവരുടെ വാദമനുസരിച്ച്, “സ്ത്രീകൾക്കുള്ള പ്രത്യേക റൺ ഇവന്റുകൾ” അല്ലെങ്കിൽ “പുരുഷന്മാർക്കുള്ള കായികപരിപാടികൾ” എന്നിവയും നിയമപരമായി അനുവദനീയമാണ്. അതേപോലെ തന്നെ, ഈ ചാരിറ്റി റൺ “ഇക്വാലിറ്റി ആക്ട്” ലംഘിക്കുന്നതല്ലെന്ന് അവർ പ്രസ്താവിച്ചു. എങ്കിലും സംഭവം ബ്രിട്ടനിൽ ശരിയാത്ത് മൂല്യങ്ങൾ വളരുകയാണെന്ന ആശങ്കകളെ വീണ്ടും മുന്നോട്ടു വെച്ചിരിക്കുകയാണ്.
Leave a Reply