ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം

വിൽറ്റ്ഷെയർ : യുകെയിലേക്ക് വീണ്ടും അനധികൃത കുടിയേറ്റം നടന്നതായി സംശയം. വിൽറ്റ്ഷെയറിലെ ചിപ്പൻഹാമിനടുത്ത് 15 പേരെ ഒരു ലോറിയിൽ കണ്ടെത്തി. അനധികൃത പ്രവേശനത്തിന് സഹായിച്ചുവെന്ന സംശയത്തെത്തുടർന്ന് 50 വയസ് പ്രായമുള്ള അയർലണ്ടുകാരനായ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും കൂടുതൽ ചോദ്യം ചെയ്യലിനായി സ്വിൻഡൺ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് കിംഗ്‌ടൺ ലാംഗ്ലി ക്രോസ്റോഡിലെ എ 350 റോഡ് പോലീസ് അടച്ചു. ബുധനാഴ്ച വൈകുന്നേരം ആണ് സംഭവം നടന്നത്. കുടിയേറ്റം നടക്കുന്നതായി സംശയം തോന്നിയ ഒരു വ്യക്തിയാണ് പോലീസിനെ വിവരം അറിയിച്ചത്.

ആരോഗ്യരംഗത്ത് നിന്നുള്ളവർ എത്തി വൈദ്യപരിശോധന നടത്തി. ലോറിയിൽ ഉണ്ടായിരുന്ന 15 പേരും 16 നും 30നും ഇടയിൽ പ്രായമുള്ളവരാണെന്ന് പോലീസ് കരുതുന്നു. “പോലീസ് ഉദ്യോഗസ്ഥർ സംഭവംസ്ഥലത്ത് എത്തി 15 പേരെ ലോറിയുടെ പിന്നിൽ നിന്നും കണ്ടെത്തി. അവരിൽ 14 പേരെ കസ്റ്റഡിയിലെടുക്കുകയും ഒരാളെ കൂടുതൽ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്, എന്നിരുന്നാലും അയാളുടെ നില ഗുരുതരമല്ല.” പോലീസ് പറഞ്ഞു. സ്വിൻഡൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തിയെ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുത്തു. ആംബുലൻസും അഗ്നിശമനസേനയും സംഭവസ്ഥലത്ത് എത്തിയിരുന്നു. എസ്സെക്സിലെ ട്രക്ക് ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് ബ്രിട്ടൻ കരകയറുന്നതേയുള്ളു. അതിനിടയിലാണ് വീണ്ടും നിയമവിരുദ്ധ കുടിയേറ്റം നടക്കുന്നത്.