ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രീയേറ്റീവ് ആൻഡ് സർവീസ് തൊഴിൽ മേഖലകളിൽ ജനറേറ്റീവ് എ.ഐ. വേഗത്തിൽ മനുഷ്യരെ പകരം വെയ്ക്കുകയാണെന്ന് സ്കൈ ന്യൂസിന്റെ “മണി ബ്ലോഗ്” റിപ്പോർട്ടിൽ പറയുന്നു. 8 വയസ്സുകാരനായ ഫ്രീലാൻസ് എഴുത്തുകാരൻ ജോ ടർണർ എ.ഐ. കൊണ്ടുള്ള മാറ്റങ്ങൾ മൂലം കഴിഞ്ഞ രണ്ട് വർഷത്തിനിടെ തന്റെ 70 ശതമാനം ക്ലയന്റുകളും നഷ്ടപ്പെട്ടുവെന്ന് പ്രമുഖ മാധ്യമമായ സ്കൈ ന്യൂസിനോട് പറയുന്നു. ഇതിന് പിന്നാലെ തനിക്ക് ഏകദേശം £1.2 ലക്ഷം (ഏകദേശം ₹1.2 കോടി) വരുമാനം നഷ്ടമായതായും അദ്ദേഹം പറയുന്നു.
മൈക്രോസോഫ്റ്റ് നടത്തിയ പഠനപ്രകാരം, എ.ഐ.ക്ക് ചരിത്രകാരന്മാരുടെയും പ്രോഗ്രാമർമാരുടെയും ജോലിയുടെ 90 ശതമാനം വരെ ഏറ്റെടുക്കാൻ കഴിയും. സെയിൽസ് ജീവനക്കാരുടെയും പത്രപ്രവർത്തകരുടെയും 80 ശതമാനവും, ഡിജേയ്‌മാരുടെയും ഡേറ്റാ ശാസ്ത്രജ്ഞരുടെയും 75 ശതമാനവും എ.ഐ.ക്ക് നിർവഹിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉപഭോക്തൃ സേവന സഹായികൾ (72%), ഫിനാൻഷ്യൽ അഡ്വൈസർമാർ (69%), പ്രോഡക്റ്റ് പ്രമോട്ടർമാർ (62%) തുടങ്ങിയവ എ.ഐ. വന്നതോടെ ഭീഷണി നേരിടുന്ന ജോലികളായി പഠനം ചൂണ്ടിക്കാട്ടുന്നു. അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനകം ഇത്തരം ജോലികൾ പൂർണ്ണമായും എ.ഐ. കൈയ്യടക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, എ.ഐ.യുടെ പരിമിതികളും റിപ്പോർട്ടിൽ എടുത്ത് കാട്ടുന്നുണ്ട്. 40 തൊഴിൽ വിഭാഗങ്ങളിൽ എ.ഐ.ക്ക് 10 ശതമാനത്തിൽ താഴെ ജോലികൾ മാത്രമേ ചെയ്യാൻ കഴിയൂ. പെയിന്റർമാർ, ക്ലീനർമാർ, റൂഫർമാർ, സർജിക്കൽ അസിസ്റ്റന്റുമാർ, കപ്പൽ എഞ്ചിനീയർമാർ, നേഴ്‌സിംഗ് അസിസ്റ്റന്റുമാർ തുടങ്ങിയ തൊഴിൽ വിഭാഗങ്ങളിൽ എഐ കൊണ്ടുവരാൻ പ്രയാസമാണെന്ന് പഠനങ്ങൾ പറയുന്നു. എ.ഐ.യെ പൂർണ്ണമായും പകരംവെയ്ക്കൽ ഉപാധിയായി കാണുന്നതിന് പകരം സഹായകരമായ ഉപകരണമായി കാണുകയാണ് വേണ്ടതെന്ന് മൈക്രോസോഫ്റ്റിലെ ഗവേഷകർ പറയുന്നു.
Leave a Reply