ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുട്ടികളുടെ പ്രിയപ്പെട്ട മിഠായി ബ്രാൻഡുകളെ അനുകരിച്ച് നിക്കോട്ടിൻ കലർന്ന ഉൽപന്നങ്ങൾ വിൽപ്പനയ്ക്കുണ്ടെന്ന് രഹസ്യ അന്വേഷണത്തിൽ കണ്ടെത്തി. ഗ്ലാസ്ഗോയിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ഓറഞ്ച് മില്ല്യൺസ് എന്ന് നാമകരണം ചെയ്തിരുന്ന ഒരു പൗച്ച് വാങ്ങിയപ്പോൾ അതിൽ 100 മില്ലിഗ്രാം നിക്കോട്ടിൻ ഉണ്ടെന്ന് വിൽപനക്കാരൻ പറഞ്ഞതാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരാൻ കാരണമായത് . പരിശോധനയിൽ 17 മില്ലിഗ്രാം നിക്കോട്ടിൻ മാത്രമാണുണ്ടായിരുന്നത് എങ്കിലും അത് ‘എക്‌സ്‌ട്രാ സ്ട്രോംഗ്’ വിഭാഗത്തിൽ പെടുന്നതാണ്.
ഈ ഉൽപന്നങ്ങൾ കുട്ടികളിൽ ആകർഷണം ഉളവാക്കുന്ന” രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നതെന്നും, പാക്കേജിംഗ് സ്വീറ്റ്സ് പോലെയായതിനാൽ അപകടകരമാണെന്നും ട്രേഡിംഗ് സ്റ്റാൻഡേർഡ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചില പായ്ക്കറ്റുകളിൽ നിർമ്മാതാവിന്റെ വിലാസം, മുന്നറിയിപ്പ് ചിഹ്നങ്ങൾ തുടങ്ങിയ വിവരങ്ങൾ ഒന്നും തന്നെ ഇല്ലാതെയായിരുന്നു. തങ്ങളുടെ ബ്രാൻഡിന്റെ പേര് അനുമതിയില്ലാതെയാണ് ഉപയോഗിച്ചത് എന്ന് ഗോൾഡൻ കാസ്കറ്റ് ലിമിറ്റഡ് എന്ന മിഠായി നിർമ്മാതാക്കൾ പറഞ്ഞു.
ഇത്തരം നിക്കോട്ടിൻ കലർന്ന ഉത്പന്നങ്ങൾ ഇപ്പോൾ നിയമപരമായി നിയന്ത്രണമില്ലാത്തതിനാൽ 18 വയസിന് താഴെയുള്ളവർക്ക് പോലും ഇത് എളുപ്പത്തിൽ ലഭ്യമാകുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ചിലർ പുകവലി നിർത്താനായി ഈ ഉൽപന്നം ഉപയോഗിച്ചാലും പലരും ഇത്തരം ഉൽപന്നങ്ങൾക്ക് പൂർണ്ണമായും അടിമയാകുന്നുവെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. സ്കൂളുകളിൽ പോലും കുട്ടികൾ ഇത് രഹസ്യമായി ഉപയോഗിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Leave a Reply