ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ക്രിസ്മസ് ദിനത്തിൽ വളരെ സാധാരണമായ കാലാവസ്ഥയുണ്ടാകുമെന്ന കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പിൽ ആശ്വസിച്ചിരിക്കുന്ന ബ്രിട്ടീഷുകാരെ പുതിയ മുന്നറിയിപ്പ് ഭയപ്പെടുത്തുന്നതാണ്. ക്രിസ്മസ് ദിനത്തിൽ 13 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുമെന്ന് അറിയിപ്പ് നേരത്തെ ഉണ്ടായെങ്കിലും, അതിനുശേഷം താപനില ശരാശരിയിലും താഴെ പോകുമെന്നാണ് പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ -11 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. ജനുവരി 4 വരെ ഇത്തരത്തിൽ പല സ്ഥലങ്ങളിലും കനത്ത മഞ്ഞുവീഴ്ചയും, കാറ്റും എല്ലാം തന്നെ ഉണ്ടാകുമെന്ന് പുതിയ മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

തീരപ്രദേശങ്ങളിൽ ചിലയിടങ്ങളിൽ ശൈത്യകാലത്ത് ഉണ്ടാകുന്ന മഴയ്ക്കും സാധ്യതയുണ്ട്. ഈ വാരാന്ത്യത്തിൽ കാലാവസ്ഥ മേഘാവൃതമാകുന്നതോടൊപ്പം ഇടയ്ക്കുള്ള മഴയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട്. ക്രിസ്തുമസ് ദിനത്തിൽ 13 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുന്ന താപനില അതിനുശേഷം കനത്ത നിലയിൽ കുറയും. നിലവിലെ സാഹചര്യത്തിൽ മുന്നറിയിപ്പിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകുമെങ്കിലും കാലാവസ്ഥ ഏകദേശം ഇത്തരത്തിൽ തന്നെ ഉണ്ടാകുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

വരും ദിവസങ്ങളിൽ താപനില കുറയുന്നത് അനുസരിച്ച് ചിലയിടങ്ങളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. വടക്കൻ പ്രദേശങ്ങളിൽ കൂടുതൽ മഞ്ഞു മഴ ഉണ്ടാകാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. കനത്ത മഞ്ഞു മൂലം വാട്ടർ പൈപ്പുകൾ പൊട്ടാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ അവയെല്ലാം ക്രമീകരിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗാവസ്ഥയുള്ളവർ വീടുകളിൽ തങ്ങളുടെ ആരോഗ്യത്തിന് അനുസൃതമായ താപനില നിലനിർത്തുവാൻ ശ്രമിക്കണമെന്നും നിർദ്ദേശങ്ങൾ ഉണ്ട്. ശരീരത്തിന് ചൂട് നൽകുന്നതിന് ആവശ്യമായ വസ്ത്രങ്ങൾ എല്ലാവരും ധരിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ട്