പള്ളുരുത്തിയിലെ സെൻറ് റീത്താസ് പബ്ലിക് സ്കൂൾ ഹിജാബ് വിവാദത്തെ തുടർന്ന് രണ്ട് ദിവസത്തെ അവധിക്കുശേഷം വീണ്ടും തുറന്നു. പരാതി ഉയർത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാർത്ഥിനി ഇന്ന് സ്കൂളിൽ എത്തിയില്ല. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് അവധി എടുത്തതെന്ന് രക്ഷിതാക്കൾ അറിയിച്ചു. സ്കൂളിന്റെ നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെ കുട്ടി ഇവിടെ പഠനം തുടരുമെന്ന് വിദ്യാർത്ഥിനിയുടെ പിതാവ് വ്യക്തമാക്കിയതായി എം.പി. ഹൈബി ഈഡൻ പറഞ്ഞു. ഹൈബി ഈഡൻ എം.പി.യും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും മധ്യസ്ഥത വഹിച്ച ചർച്ചയ്ക്കുശേഷമാണ് രക്ഷിതാക്കളും സ്കൂൾ മാനേജ്മെന്റും തമ്മിൽ ധാരണയിലെത്തിയത്.
ഹിജാബ് വിഷയത്തെ ചുറ്റിപ്പറ്റി ചില വർഗീയശക്തികൾ പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് ഹൈബി ഈഡൻ എം.പി. ആരോപിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ലെന്നും, സ്കൂൾ നിർദേശിച്ച യൂണിഫോം പാലിക്കുമെന്നുമാണ് രക്ഷിതാവിന്റെ നിലപാട്. സ്കൂളിൽ സമാധാനപരമായ അന്തരീക്ഷം നിലനിർത്തുക തന്നെയാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നതും നേതാക്കൾ വ്യക്തമാക്കി. വിദ്യാർത്ഥിനിയെ ഹിജാബ് ധരിച്ചതിന്റെ പേരിൽ ക്ലാസിൽ കയറ്റാതിരുന്നതിൽ സർക്കാർ അടിയന്തരമായി ഇടപെട്ടതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
Leave a Reply