സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. എറണാകുളത്ത് കിഴക്കൻ മേഖലയിലും തിരുവനന്തപുരത്തും കണ്ണൂരും മലയോരമേഖലകളിലും മഴ ശക്തമായതിനെ തുടർന്ന് ജനജീവിതം ദുസ്സഹമായി. കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
കണ്ണൂരിന്റെ മലയോരമേഖലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ചെറുപുഴയിൽ രണ്ടുവീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. പ്രാപ്പൊയിലിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു. ആളുകൾ മതിലിന് സമീപമില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. വീടിന്റെ ഒരു വശത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്.
തിങ്കളാഴ്ച വൈകിട്ടാണ് എറണാകുളം ജില്ലയിൽ വ്യാപകമായി മഴ പെയ്തു തുടങ്ങിയത്. കൊച്ചി നഗരത്തിലും ശക്തമായ മഴയുണ്ടായി. ഇലഞ്ഞിയിൽ ഇടിമിന്നലിൽ വീട് തകർന്നു. വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ആലുവയിലെ കെഎസ്ആർടിസി, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി. നിലവിൽ അന്തരീക്ഷം നല്ല മൂടിക്കെട്ടിയ നിലയിലാണ്, മഴ തുടരാൻ തന്നെയാണ് സാധ്യത. വരുന്ന മണിക്കൂറുകളിൽ മഴ ശക്തമായി പെയ്യുകയാണെങ്കിൽ, മുൻപ് വെള്ളത്തിൽ മുങ്ങിപ്പോയ സൗത്ത് റെയിൽവേ സ്റ്റേഷന് മുന്നിലടക്കം വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ പരമാവധി ശ്രദ്ധിക്കുകയും ആവശ്യമായ ജാഗ്രത കൈക്കൊള്ളുകയും ചെയ്യണമെന്ന് നിർദ്ദേശമുണ്ട്.
തിരുവനന്തപുരത്ത് മലയോര മേഖലകളിലാണ് കനത്ത മഴ തുടരുന്നത്. മണിക്കൂറുകളോളം മഴ ശക്തമായി പെയ്തതിനെ തുടർന്ന് തിരുവനന്തപുരം-തെങ്കാശി റോഡിൽ വെള്ളം കയറി. പാലോട് ഇളവട്ടത്ത് ഗതാഗതം തടസ്സപ്പെട്ടു. ഇളവട്ടം ജംഗ്ഷനിൽ സമീപത്തുള്ള തോട്ടിൽ നിന്ന് റോഡിലേക്ക് വെള്ളം കയറിയാണ് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഈ വെള്ളക്കെട്ട് കാരണം ചെറുവാഹനങ്ങൾക്കൊന്നും അതുവഴി കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയാണ്. അതിനാൽ വാഹനങ്ങൾ മറ്റൊരു പാതയിലൂടെ വഴി തിരിച്ചുവിടുകയാണ്. തിരുവനന്തപുരം-തെങ്കാശി സംസ്ഥാനപാതയിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
ലോറി പോലുള്ള വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുമെങ്കിലും, റോഡ് ഏതാണെന്നും തോട് ഏതാണെന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ അപകടകരമാണ്. കോവളം, വിഴിഞ്ഞം, വെങ്ങാനൂർ, മുക്കോല, ഉച്ചക്കട ഭാഗങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
Leave a Reply