ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹെറിഫോർഡ് ∙ യുകെയിൽ താമസിക്കുന്ന കോട്ടയം സ്വദേശിയായ സനൽ ആന്റണി (41) കുഴഞ്ഞുവീണ് മരണമടഞ്ഞു . കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുക് വേലംകുന്നേൽ കുടുംബാംഗമാണ് സനൽ ആന്റണി. കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെ വീട്ടിനുള്ളിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണ സനലിനെ ആംബുലൻസിൽ ഹെറിഫോർഡ് കൗണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക നിഗമനപ്രകാരം ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ഭാര്യ ജോസ്മിക്ക് ഹെറിഫോർഡിലെ ഫീൽഡ് ഫാം കെയർ ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് രണ്ട് വർഷം മുൻപാണ് സനൽ കുടുംബസമേതം യുകെയിലേക്ക് കുടിയേറിയത്. 12 വയസ്സുകാരിയായ സോനയും എട്ടുവയസ്സുകാരിയായ സേരയുമാണ് മക്കൾ. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും അദ്ദേഹത്തിന് ഇല്ലായിരുന്നു എന്നാണ് അറിയാൻ സാധിച്ചത് .
ഹെറിഫോർഡിലും സമീപപ്രദേശങ്ങളിലുമുള്ള മലയാളി സമൂഹം സനലിന്റെ കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവിടുത്തെ പ്രാദേശിക സമൂഹം കുടുംബത്തിന് സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട് . സനലിന്റെ കുടുംബം സിറോ മലബാർ സഭയിലെ അംഗങ്ങളാണ്. മൃത സംസ്‍കാരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
സനൽ ആന്റണിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply