ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ സോഷ്യൽ കെയർ മേഖലയിലെ ഉജ്വല സേവനങ്ങളെ ആദരിക്കുന്ന പ്രശസ്തമായ ‘വെയിൽസ് കെയർ അവാർഡ് 2025’ (Social Care Oscar) നേടിക്കൊണ്ട് മലയാളി നേഴ്സ് ഷൈനി സ്കറിയ യുകെയിലെ മലയാളികൾക്ക് അഭിമാനമായി. കൊല്ലം ജില്ലയിലെ കുണ്ടറ നെടുമ്പായിക്കുളം സ്വദേശിനിയായ ഷൈനി, ‘ഇൻഡിപെൻഡന്റ് സെക്ടർ നഴ്സ് ഓഫ് ദ ഇയർ’ (Independent Sector Nurse of the Year) വിഭാഗത്തിലാണ് ഗോൾഡ് മെഡൽ കരസ്ഥമാക്കിയത്. വെയിൽസ് സർക്കാരാണ് ഈ ബഹുമതി പ്രതിവർഷം മികച്ച സേവനങ്ങൾക്ക് നൽകുന്നത്.

റൈദറിലുള്ള കരോൺ ഗ്രൂപ്പിൽ സീനിയർ നേഴ്സായി സേവനം അനുഷ്ഠിക്കുന്ന ഷൈനി, നിരവധി പേരെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. കാർഡിഫ് ഹോളണ്ട് ഹൗസ് ഹോട്ടലിൽ നടന്ന പ്രൗഢമായ ചടങ്ങിലാണ് വെയിൽസ് ആരോഗ്യ മന്ത്രി ജെറമി മൈൽസിന്റെ സാന്നിധ്യത്തിൽ അവാർഡ് ലഭിച്ചത്. ഷൈനിയുടെ സമർപ്പിത സേവനത്തിനുള്ള യഥാർത്ഥ അംഗീകാരമാണിതെന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും അഭിപ്രായപ്പെട്ടു.

റിയാദിലെ കുട്ടികളുടെ ഇൻറൻസീവ് കെയർ യൂണിറ്റിൽ നേഴ്സായി ജോലി ചെയ്ത ശേഷമാണ് ഷൈനി 2020-ൽ വെയിൽസിലേക്ക് കുടിയേറിയത്. കുണ്ടറ തൃപ്പിലഴികം സ്വദേശിയായ ജേക്കബ് തരകനാണ് ഭർത്താവ്. മക്കൾ: മന്ന, ഹന്ന. ഹെറിഫോർഡിലെ സെന്റ് ബഹനാൻസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ മാനേജിങ് കമ്മിറ്റിയിൽ ഇരുവരും സജീവമായി പ്രവർത്തിക്കുന്നു. ഷൈനിയുടെ വിജയം ലോകമെമ്പാടുമുള്ള മലയാളി നേഴ്സുമാർക്ക് അഭിമാനവും പ്രചോദനവും ആയിരിക്കുകയാണ്.











Leave a Reply