ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടർമാർ അടുത്ത മാസം അഞ്ചുദിവസത്തെ സമരത്തിന് തയാറെടുക്കുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. നവംബർ 14 രാവിലെ ഏഴ് മണി മുതൽ നവംബർ 19 രാവിലെ ഏഴ് മണിവരെ സമരം നടക്കും എന്നാണ് അറിയാൻ സാധിച്ചത്. 2023 മുതൽ ഇത് റെസിഡന്റ് ഡോക്ടർമാർ നടത്തുന്ന പതിമൂന്നാമത്തെ സമരമായിരിക്കും. ശീതകാല വൈറസ് വ്യാപനവും 7.4 ദശലക്ഷം രോഗികളുടെ നീണ്ട കാത്തിരിപ്പു പട്ടികയും നേരിടേണ്ട സമയത്ത് ഈ സമരം ആരോഗ്യ സേവനത്തിന് വലിയ തിരിച്ചടിയാണെന്ന് എൻ.എച്ച്.എസ് മേധാവികൾ പറഞ്ഞു.

സമരത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ ചൊല്ലി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (BMA) യും ആരോഗ്യ സെക്രട്ടറിയായ വെസ് സ്ട്രീറ്റിംഗും പരസ്പരം കുറ്റപ്പെടുത്തുകയാണ്. ഡോക്ടർമാർക്ക് 29 ശതമാനം ശമ്പളവർദ്ധനയും മികച്ച തൊഴിൽ സാധ്യതകളും ആവശ്യപ്പെട്ടുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് സമരത്തിന് യൂണിയൻ തീരുമാനിച്ചത് . സർക്കാരിന്റെ വാഗ്ദാനങ്ങൾ അനിശ്ചിതമാണെന്നും യഥാർത്ഥ പരിഹാര മനോഭാവം കാണുന്നില്ലെന്നും ബി .എം.എ കമ്മിറ്റിയുടെ ചെയർമാൻ ഡോ. ജാക്ക് ഫ്ലെച്ചർ അഭിപ്രായപ്പെട്ടു.

അതേസമയം, സ്ട്രീറ്റിംഗ് ബി.എം.എയുടെ തീരുമാനം “അസംബന്ധവും ഉത്തരവാദിത്വമില്ലാത്തതുമാണ്” എന്ന് വിമർശിച്ചു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഡോക്ടർമാരുടെ ശമ്പളം 28.9 ശതമാനം വർധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ ശമ്പളവർധന ഇപ്പോൾ സാധ്യമല്ലെന്നും, സമര തീരുമാനം രോഗികൾക്കും എൻ.എച്ച്.എസ്. സേവനങ്ങൾക്കും ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.











Leave a Reply