മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന് നീതി ലഭിക്കാൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടാണ് അഭിമന്യുവിന്റെ കുടുംബം ഈ ആവശ്യം ഉന്നയിച്ചത്. മകന്റെ കൊലപാതകം നടന്ന് ഏഴുവർഷം കഴിഞ്ഞിട്ടും ഇപ്പോഴും പ്രധാന പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് അഭിമന്യുവിന്റെ മാതാപിതാക്കള്‍ അറിയിച്ചു.
വട്ടവട കോവിലൂരില്‍ സംഘടിപ്പിച്ച കലുങ്ക് സൗഹൃദ സദസ്സിനെത്തിയ സുരേഷ് ഗോപി അഭിമന്യുവിന്റെ കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിക്കുകയായിരുന്നു. അഭിമന്യു വധക്കേസിലെ പ്രധാന പ്രതിയെ പിടികൂടാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ലാത്തതിനാല്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യം ഉന്നയിച്ചു.
അഭിമന്യു വധക്കേസില്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനായി സുരേഷ് ഗോപി ഇടപെടണമെന്ന് അഭിമന്യുവിന്റെ മാതാവ് ഭൂപതി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റ് പി.പി.സാനു,
ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ ഉപാധ്യക്ഷൻ നോബിള്‍ മാത്യു, ജില്ലാ ജനറല്‍ സെക്രട്ടറി അളകർരാജ്, നിയോജക മണ്ഡലം പ്രസിഡന്റ് പി.പി മുരുകൻ, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് എം.രാമർ, ജില്ലാ സെക്രട്ടറി മനോജ് കുമാർ, ജില്ല വൈസ് പ്രസിഡന്റ് ഇ.കെമോഹനൻ, വട്ടവട പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.കുപ്പുസ്വാമി എന്നിവരും സുരേഷ് ഗോപിയോടൊപ്പം ഉണ്ടായിരുന്നു.











Leave a Reply