ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ജയിലിൽ നിന്ന് തെറ്റായി മോചിപ്പിക്കപ്പെട്ട എപ്പിങ് സ്വദേശിയായ ലൈംഗികാതിക്രമ കേസിലെ പ്രതി ഹദുഷ് ഗെർബെർസ്ലാസി കെബാറ്റുയെ പൊലീസ് വീണ്ടും പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ച ചെംസ്ഫോർഡ് ജയിലിൽ നിന്ന് തെറ്റായി വിട്ടയച്ച കെബാറ്റുവിനെ ഞായറാഴ്ച രാവിലെ ഫിൻസ്ബറി പാർക്ക് പ്രദേശത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജയിലിലെ പിഴവാണ് ഇയാളുടെ മോചനത്തിന് കാരണമായതെന്ന് അധികാരികൾ സ്ഥിരീകരിച്ചു.

എത്യോപ്യൻ വംശജനായ കെബാറ്റുവിനെ കഴിഞ്ഞ സെപ്റ്റംബറിൽ ഒരു സ്ത്രീയെയും 14 വയസ്സുകാരിയെയും ലൈംഗികമായി ആക്രമിച്ചതിന് 12 മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ചാരനിറത്തിലുള്ള ജയിലുടുപ്പും കൈയിൽ സാധനങ്ങളുള്ള പ്ലാസ്റ്റിക് ബാഗുമായാണ് ഇയാളെ പല ട്രെയിനുകളിലായി ലണ്ടൻ മുഴുവൻ സഞ്ചരിക്കുന്നതായി സിസിടിവിയിൽ കണ്ടത്. പിന്നീട് പൊതുജനങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മെട്രോപൊളിറ്റൻ പൊലീസ് ഇയാളെ കണ്ടെത്തിയത്.

മനുഷ്യപിശകാണ് മോചനത്തിന് പിന്നിലെന്ന് ജയിൽ തലവന്മാർ വ്യക്തമാക്കി. മോചന ഉത്തരവിൽ പിഴവ് വരുത്തിയ ഉദ്യോഗസ്ഥനെ താൽക്കാലികമായി ചുമതലയിൽ നിന്ന് മാറ്റിയിട്ടുണ്ട്. ജയിൽ ജോലിക്കാരുടെ അമിതഭാരമാണ് ഇത്തരം തെറ്റുകൾക്ക് കാരണമാകുന്നതെന്ന് ക്രിമിനൽ ജസ്റ്റിസ് വർക്കേഴ്സ് യൂണിയൻ വിമർശിച്ചു. നീതിവ്യവസ്ഥ തന്നെ ഞങ്ങളെ വഞ്ചിച്ചു” എന്നാണ് അക്രമത്തിനെതിരായി പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചത്.











Leave a Reply