ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു മലയാളി നേഴ്സ് തന്റെ അർപ്പണബോധത്താലും അതുല്യമായ പരിശ്രമത്താലും യുകെയിലെ നേഴ്സിംഗ് മേഖലയിലെ ഉയരങ്ങളിൽ എത്തിച്ചേർന്ന യാത്ര ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാർക്ക് അഭിമാനമായി മാറുകയാണ് . റാണി ജോസ് ഒടാട്ടിൽ 2004-ൽ ആറുമാസത്തെ സ്റ്റുഡന്റ് വിസയുമായി യുകെയിലെത്തിയപ്പോൾ ഭാവി അനിശ്ചിതമായിരുന്നു. എന്നാൽ, വിസ കാലാവധിക്കുള്ളിൽ തന്നെ എൻഎംസി പിൻ നമ്പർ നേടുകയും വെസ്റ്റ് ഹെർട്ട്ഫോർഡ്ഷയർ എൻഎച്ച്എസ് ട്രസ്റ്റിലെ വാറ്റ്ഫോർഡ് ജനറൽ ആശുപത്രിയിൽ ബാൻഡ് 5 സ്റ്റാഫ് നേഴ്സായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. അന്ന് വാർഷിക ശമ്പളം വെറും £17,060 ആയിരുന്നു.
പ്രവാസ ജീവിതത്തിലെ വെല്ലുവിളികളെ നേരിടുമ്പോഴും റാണി തന്റെ ജോലിയിൽ മികവു തെളിയിച്ചു. വർഷങ്ങൾക്കൊടുവിൽ, കരിയറിൽ തുടർച്ചയായ വളർച്ചയിലൂടെ 2011-ൽ ബാൻഡ് 6 ലേയ്ക്കും 2013-ൽ ബാൻഡ് 7 സ്ഥാനത്തേയ്ക്കും ഉയർന്നു. ഏഷ്യൻ വംശജരിൽ ആ നിലയിലെത്തിയവരിൽ വളരെ കുറച്ച് പേരാണ് ഉണ്ടായിരുന്നത്. മാനേജ്മെന്റ് ചുമതലകളും വാർഡ് നേതൃത്വവും ഏറ്റെടുത്ത്, സഹപ്രവർത്തകരുടെ വിശ്വാസം നേടി മുന്നേറിയതാണ് അവളുടെ വിജയത്തിന്റെ അടിസ്ഥാനം.

2015-ൽ ട്രസ്റ്റിൽ ആരംഭിച്ച ഹോസ്പിറ്റൽ അറ്റ് നൈറ്റ് വിഭാഗത്തിൽ ട്രെയിനി അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീഷണറായി ചേർന്ന റാണി, ഫുൾ ടൈം ജോലിയോടൊപ്പം മാസ്റ്റേഴ്സ് പഠനവും പൂർത്തിയാക്കി. രണ്ട് കുട്ടികളെയും കുടുംബത്തിൻറെ ഉത്തരവാദിത്തങ്ങൾ നിറവേറ്റി കൊണ്ട് 2019-ൽ അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീസിൽ മാസ്റ്റേഴ്സ് നേടി. ഇന്ന്, ബാൻഡ് 8A സ്ഥാനത്തും £62,682 വാർഷിക ശമ്പളത്തോടും കൂടിയാണ് റാണി സീനിയർ അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീഷണറായി സേവനം അനുഷ്ഠിക്കുന്നത്.
റാണിയുടെ വിജയ യാത്രയിൽ കുടുംബത്തിന്റെ പങ്ക് നിസ്തുലമായിരുന്നു. യുകെയിൽ ജോലി ആരംഭിച്ചപ്പോൾ ഭർത്താവിന്റെ അചഞ്ചലമായ പിന്തുണയാണ് അവളുടെ കരിയറിന്റെ ശക്തി ആയി മാറിയത്. ഫുൾ ടൈം ജോലിയോടൊപ്പം അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീസിൽ മാസ്റ്റേഴ്സ് പഠനം നടത്തുമ്പോൾ, അവരുടെ അഞ്ചു വയസ്സുള്ള ഇരട്ടക്കുട്ടികളെ വളർത്തിയും വീട്ടുചുമതലകൾ കൈകാര്യം ചെയ്തും മുന്നോട്ട് പോവേണ്ടി വന്നു. പുലർച്ചെ രണ്ടുമണിക്ക് എഴുന്നേറ്റ് പഠനം തുടർന്ന ആ കാലത്ത് ഭർത്താവിന്റെ സഹകരണവും പ്രോത്സാഹനവുമാണ് തന്റെ വിജയത്തെ പിന്തുണച്ചതെന്ന് റാണി പറഞ്ഞു.











Leave a Reply