ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിൽ ബെർമിഹാം ഉൾപ്പെടെ മലയാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ മോഷണം പെരുകുന്നു. ഇവയിൽ ഏറെയും നടക്കുന്നത് മലയാളി വീടുകൾ കേന്ദ്രീകരിച്ചാണ് എന്നുള്ളതാണ് ഞെട്ടിക്കുന്ന സത്യം. ഇന്നലെ കവൻട്രിയിലും സമാനമായ കേസുകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. വാഹനങ്ങളുടെ മുൻഭാഗം അഴിച്ചെടുത്ത് മോഷ്ടിക്കുന്ന സംഘങ്ങളും ഇപ്പോൾ സജീവമാണ്. വിലകൂടിയ കാറുകളുടെ മുൻഭാഗവും, ബമ്പർ എന്നിങ്ങനെ വിവിധ പാർട്സുകൾ മോഷ്ടിച്ച് 4000 പൗണ്ടിനു വരെ മറിച്ചു വിൽക്കലാണ് ഇത്തരം മോഷ്ടാക്കൾ ചെയ്യുന്നത് . ബർമിംഗ്ഹാമിൽ മലയാളികളുടെ നിരവധി വാഹനങ്ങൾ സമാനമായ സാഹചര്യത്തിൽ മോഷണം പോയിരുന്നു.

ടയോട്ട വണ്ടികളാണ് മോഷ്ടാക്കൾ ലക്ഷ്യം വെക്കുന്നതിൽ ഏറെയും. യുകെയിലെ നിരത്തുകളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വാഹനം ടൊയോട്ട യാറിസ് ആണ്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു യുകെ മലയാളിയുടെ വാഹനത്തിന്റെ കീ കഴിഞ്ഞദിവസം മോഷണം പോയി. വാഹനത്തിൻറെ കീ യ്ക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാൽ ഡ്യൂപ്ലിക്കേറ്റ് കീ യ്ക്ക് വേണ്ടി 1500 പൗണ്ട് ചിലവഴിക്കേണ്ടതായി വന്നുവെന്ന് അദ്ദേഹം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഇൻഷുറൻസ് പരിരക്ഷ കിട്ടാത്ത സാഹചര്യങ്ങളിൽ വൻ നഷ്ടങ്ങളാണ് ഓരോ മോഷണത്തിലൂടെയും സംഭവിക്കുന്നത്.

വാഹനത്തിന് പുറമെ, സ്വർണ്ണം, വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ എന്നിവയെ സംബന്ധിച്ചും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏത് സാധനം മോഷ്ടിക്കപ്പെട്ടാലും ഇൻഷുറൻസ് ഇല്ലെങ്കിൽ ക്ലെയിം തുക ലഭിക്കില്ല. അതിനാൽ, എല്ലാ വസ്തുക്കളും ഇൻഷുറൻസ് രജിസ്റ്റർ ചെയ്യുകയും, നിർബന്ധമായും ഇതിന്റെ എല്ലാം ഫോട്ടോകളും സൂക്ഷിക്കുകയും വേണം. പോലീസ് അന്വേഷണം നടത്തുമ്പോൾ ഫോട്ടോകൾ ഇല്ലെങ്കിൽ മതിയായ ഇൻഷുറൻസ് പരിരക്ഷ കിട്ടാൻ ബുദ്ധിമുട്ടാണ്. ബ്രെക്സിറ്റിന് ശേഷം ജീവിത ചിലവ് ഉയരുകയും, ജോലി നഷ്ടപ്പെടുന്ന ആളുകളുടെ എണ്ണം കൂടുകയും ചെയ്തതാണ് മോഷണത്തിലേയ്ക്ക് കൂടുതൽ ആളുകളെ നയിക്കുന്നതിന്റെ പ്രധാന കാരണമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വിശുദ്ധവാരം ആയതിനാൽ മലയാളികളുടെ വീടുകളിൽ ആളുകൾ ഇല്ലെന്ന കാരണത്താൽ ഈ ദിവസങ്ങളിൽ മോഷണകേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത് വർദ്ധിക്കാൻ സാധ്യതയുണ്ട്.