ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസ് (NHS) വൻ പ്രതിസന്ധി നേരിടുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഇതിനെ തുടർന്ന് സേവനങ്ങൾക്കും തൊഴിൽ അവസരങ്ങൾക്കും വെട്ടിക്കുറവ് വരാതിരിക്കാൻ അധികമായി മൂന്ന് ബില്യൺ പൗണ്ട് (ഏകദേശം 32,000 കോടി രൂപ) കൂടി അനുവദിക്കണമെന്ന് ഹെൽത്ത് ലീഡേഴ്സ് മുന്നറിയിപ്പ് നൽകി. വർഷാന്ത്യ ബജറ്റിൽ പിരിച്ചു വിടലുകൾക്കും സമരങ്ങൾക്കും മരുന്ന് വിലവർധനയ്ക്കുമുള്ള ചെലവുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് എൻ എച്ച് എസ് കൺഫെഡറേഷനും എൻ എച്ച് എസ് പ്രൊവൈഡേഴ്സും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

ആരോഗ്യ വകുപ്പ്, ട്രഷറി എന്നിവ തമ്മിൽ അധിക ഫണ്ടിനെ കുറിച്ച് ചർച്ചകൾ തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വെസ് സ്റ്റ്രീറ്റിങ് അറിയിച്ചു. ഇതിനിടെ സർക്കാർ ആവശ്യപ്പെട്ടിട്ടുള്ള ജീവനക്കാരുടെ വൻ തോതിലുള്ള കുറവിനായി ആവശ്യമായ ഒരു ബില്യൺ പൗണ്ട് പോലും വകയിരുത്തിയിട്ടില്ലെന്നാണ് മാനേജർ ഉന്നയിച്ചിരിക്കുന്ന ആരോപണം. എൻ എച്ച് എസും ആരോഗ്യ വകുപ്പും തമ്മിലുള്ള ലയനം മൂലം ജീവനക്കാരുടെ എണ്ണം ഇനിയും കുറയാനാണ് സാധ്യത.

മരുന്നുകളുടെ വിലവർധനയും പിരിച്ചുവിടലിനുള്ള നഷ്ടപരിഹാരവും ഡോക്ടർമാരുടെ സമരച്ചെലവുകളും ചേർന്ന് എൻഎച്ച്എസിന് വൻ ബാധ്യതയായി മാറിയിരിക്കുകയാണ്. ജൂലൈയിലെ ഡോക്ടർമാരുടെ സമരത്തിൽ മാത്രം 300 മില്യൺ പൗണ്ട് ആണ് നഷ്ടം . നവംബറിൽ വീണ്ടും സമരം നടക്കുകയാണെങ്കിൽ ഇതേ തോതിൽ ചെലവ് ഉയരുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് . യുഎസുമായുള്ള പുതിയ കരാർ എൻ എച്ച് എസിന് 1.5 ബില്യൺ പൗണ്ട് അധികബാധ്യത സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും ഉയർന്നിട്ടുണ്ട്. ധനകാര്യ സഹായം ലഭിക്കാതിരുന്നതിനാൽ രോഗികളുടെ കാത്തിരിപ്പ് പട്ടിക കുറയ്ക്കാനുള്ള ശ്രമങ്ങൾ താളം തെറ്റുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.











Leave a Reply