പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി വില്പനക്ക് ഉപയോഗിച്ച കേസിൽ എക്സൈസ് പിടികൂടി ജാമ്യത്തിൽ വിട്ട പ്രതിയെ ഗാന്ധിനഗർ പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കല്ലേപറമ്പിൽ ജിതിൻകുമാർ (21) ആണ് പിടിയിലായത്.
പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചെന്ന എക്സൈസ് റിപ്പോർട്ടിനെത്തുടർന്നാണ് അറസ്റ്റ്. 7നു രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം പ്രതിയുടെ വീട്ടിൽ 13 വയസ്സുകാരിയെ കണ്ടെത്തിയത്.
പെൺകുട്ടിക്കൊപ്പം 9 വയസ്സുകാരി സഹോദരിയുമുണ്ടായിരുന്നു. പനിയായതിനാൽ ആശുപത്രിയിൽ പോകാനാണു താൻ ചേച്ചിക്കൊപ്പം വന്നതെന്നു കുട്ടി എക്സൈസിനോട് പറഞ്ഞു. പെൺകുട്ടികളെ തിരുവഞ്ചൂർ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരുന്നു.
ജിതിൻ 13 വയസ്സുകാരിയെ സ്കൂൾ യൂണിഫോമിൽ ബൈക്കിന്റെ പിന്നിലിരുത്തി എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലേക്ക് കഞ്ചാവും രാസലഹരിയും കടത്തിയെന്ന് എക്സൈസ് പൊലീസിനു റിപ്പോർട്ട് നൽകി.
പ്രതിയിൽനിന്ന് 15 ഗ്രാം കഞ്ചാവാണു പിടിച്ചെടുത്തത്. ഇക്കാരണത്താൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സ്കൂളിലേക്ക് പോകുന്ന പെൺകുട്ടിയെ രാവിലെ ബൈക്കിൽ എത്തുന്ന പ്രതി കൊണ്ടുപോകുകയും വൈകിട്ട് സ്കൂൾ സമയം കഴിയാറാകുമ്പോൾ തിരിച്ചെത്തിക്കുകയുമായിരുന്നു.
വീട്ടിലെ സാഹചര്യം മോശമായിരുന്ന പെൺകുട്ടിയെ പ്രതി സ്വാധീനിക്കുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.











Leave a Reply