ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജമൈക്കയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റായ മെലിസയെ തുടർന്ന് യുകെ സർക്കാർ 2.5 ദശലക്ഷം പൗണ്ട് അടിയന്തിര സഹായമായി നൽകുമെന്ന് വിദേശകാര്യ വകുപ്പ് (FCDO) പ്രഖ്യാപിച്ചു. ദുരന്താനന്തര രക്ഷാപ്രവർത്തനങ്ങൾക്ക് ബ്രിട്ടൻ സാങ്കേതിക വിദഗ്ധരെയും അടിയന്തിര സഹായ സാമഗ്രികളായ ഷെൽട്ടർ കിറ്റുകൾ, വാട്ടർ ഫിൽറ്ററുകൾ, വസ്ത്രങ്ങൾ എന്നിവയും അയച്ചതായി റിപ്പോർട്ടുകൾ പറയുന്നു. “ജമൈക്കയിൽ നിന്നുള്ള നാശനഷ്ട ദൃശ്യങ്ങൾ തീർത്തും ഞെട്ടിക്കുന്നതാണ്,” എന്ന് പ്രധാനമന്ത്രി സർ കീർ സ്റ്റാർമർ പാർലമെന്റിൽ പ്രസ്താവിച്ചു. എച്ച് എം എസ് ട്രെൻ്റ് എന്ന ബ്രിട്ടീഷ് നാവിക കപ്പൽ ഇതിനകം തന്നെ ആ പ്രദേശത്ത് സഹായത്തിനായി നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.

295 കിലോമീറ്റർ വേഗതയിലുള്ള കാറ്റോടെയാണ് കാറ്റഗറി 3 നിലവാരത്തിലുള്ള ചുഴലിക്കാറ്റായ മെലിസ ജമൈക്കയുടെ തെക്കൻ തീരത്ത് അപ്രതീക്ഷിതമായി ആഞ്ഞടിച്ചത് . ഇതോടെ വീടുകൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ തകർന്ന് വൻ നാശ നഷ്ടമാണ് സംഭവിച്ചത് . രാജ്യത്തിന്റെ മൂന്നിൽ നാല് ഭാഗത്തും വൈദ്യുതി വിതരണം നിലച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ജമൈക്ക പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനസ് രാജ്യം “ദുരന്ത മേഖലയായി” പ്രഖ്യാപിച്ചു. കടുത്ത കാറ്റും മഴയും കാരണം ദ്വീപിന്റെ പല മേഖലകളിലും വ്യാപകമായ വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ജമൈക്കയിലെ നാശനഷ്ടത്തെ കുറിച്ച് ചാൾസ് രാജാവും കമില്ല രഞ്ജിയും ആഴത്തിലുള്ള ദുഃഖം പ്രകടിപ്പിച്ചു. ജമൈക്കയിൽ താമസിക്കുന്ന ഏകദേശം 8,000 ബ്രിട്ടൻകാരോട് എഫ്സിഡിഒ അവരുടെ സ്ഥിതിവിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മെലിസ കൊടുങ്കാറ്റിന്റെ ഭാഗമായി അടുത്ത ആഴ്ച യുകെയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് മഴയും കാറ്റും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.











Leave a Reply