ലണ്ടനിൽ അവസ്മരണീയമായ നിമിഷങ്ങൾ സമ്മാനിക്കുന്നതായിരുന്നു സി ലൈഫിലെ സന്ദർശനം. വിവിധതരത്തിലും രൂപത്തിലുമുള്ള ജലജീവികളെ അവയുടെ ആവാസ വ്യവസ്ഥയിൽ തന്നെ അടുത്തു കാണാം. കുട്ടികളുമൊത്ത് ഫാമിലിയായാണ് മിക്കവരും എത്തിയിരിക്കുന്നത്. ഒരാൾക്ക് 30 പൗണ്ടോളം ആണ് ടിക്കറ്റ് നിരക്ക്. എൻറെ സ്ഥിരം സ്വഭാവം വെച്ച് ഞങ്ങൾ അഞ്ചുപേർക്ക് എത്രയാകും എന്ന് കണക്കു കൂട്ടി നോക്കി. 15,000 രൂപയിൽ കൂടുതൽ എന്നത് ആദ്യം എൻറെ കണ്ണുതള്ളിച്ചു. പക്ഷേ അവിടെ ചിലവഴിച്ച രണ്ട് മണിക്കൂർ സമയം തികച്ചും അവസ്മരണീയവും വിജ്ഞാനപ്രദവുമായിരുന്നു.

സി ലൈഫ് എന്ന പേരുണ്ടെങ്കിലും ലോകമെങ്ങുമുള്ള വ്യത്യസ്ത കാലാവസ്ഥയിലും പരിസ്ഥിതിയിലും ജീവിക്കുന്ന ജലജീവികളെ ഇവിടെ നമ്മൾക്ക് ദർശിക്കാനാവും. കടലിലെയും നദികളിലെയും ജീവികളെയും അന്റാർട്ടിക്കയിലെ പെൻഗ്വിനികളെയും നമ്മൾക്ക് ഇവിടെ കാണാം. കേരളത്തിലെ മഴക്കാടുകളുടെ ആവാസ വ്യവസ്ഥയ്ക്ക് സമാനമായ ആവിഷ്കരണവും സി ലൈഫിൽ കണ്ടെത്താനായി. ചില ദൃശ്യങ്ങൾ തെന്മലയിലെ ഫോറസ്റ്റ് വിസിറ്റിനിടെ പരിചിതമായ മഴക്കാടുകളുടെ ഓർമ്മകളിലേയ്ക്ക് എന്നെ കൊണ്ടെത്തിച്ചു. വളരെ അപൂർവ്വമായ മിരിസ്റ്റിക്ക മരങ്ങളുടെ സാന്നിധ്യം തെന്മലയിലെ ചെന്തുരുണി വന മേഖലയുടെ പ്രത്യേകതയാണ്. മിരിസ്റ്റിക്കാ ചെറുമരങ്ങളുടെ വേരുകൾക്കും പ്രത്യകതയുണ്ട് . ചതുപ്പിൽ ശ്വസിക്കാൻ ജലനിരപ്പിനു മീതെ ഉയർന്നു കാണുന്ന മിരിസ്റ്റിക്ക മരങ്ങളുടെ വേരുകൾ മനോഹരമായൊരു ദൃശ്യമാണ്.

ലണ്ടൻ സി ലൈഫിലേയ്ക്ക് കാലെടുത്തു വച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ നമ്മൾ എവിടെയാണെന്നത് അപ്രസക്തരാകും. ലണ്ടൻ്റെ ഹൃദയ ഭാഗത്ത് തേംസ് നദികരയിലെ ലണ്ടൻ ഐ കണ്ടത് സമീപമാണെന്നത് നമ്മുടെ മനസ്സിലേക്ക് ഒരിക്കലും കടന്നു വരില്ല. ഇവിടെ കടലിന്റെയും ജലജീവികളുടെയും കൗതുകം ഉണർത്തുന്ന കാഴ്ചകൾ മാത്രം .

തുടക്കം തന്നെ നമ്മളെ അത്ഭുതപ്പെടുത്തുന്നു. കാൽ ചുവട്ടിലെ ചില്ലു പാളികൾക്ക് താഴെ കൂറ്റൻ സ്രാവുകളുടെ ദൃശ്യം ഇനി കാണാനിരിക്കുന്ന അത്ഭുതങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്.

സി ലൈഫ് അക്വേറിയത്തിൻ്റെ ഇടനാഴികകളിലൂടെ വിവിധതരം ജലജീവികളുടെ ഇടയിലൂടെ നടന്നപ്പോൾ ഏതോ ഒരു ഗൃഹാതുരത്വം എന്നെ വേട്ടയാടി. കേരളത്തിൽ നിന്ന് 4000 പരം കിലോമീറ്ററുകൾ അകലെയാണെന്ന ചിന്ത എന്ന് മദിച്ചു. അൻറാർട്ടിക്കയുടെ മഞ്ഞുപാളികളുടെ ഇടയിൽ ഓടി കളിച്ചിരുന്ന പെൻഗ്വിനികളുടെ ഒറ്റപ്പെട്ട ആവാസ വ്യവസ്ഥയിലെ ജീവിതം , ലണ്ടൻ നഗരത്തിന്റെ നടുക്ക് ജീവിക്കുന്ന അവയുടെ അവസ്ഥയും ഒറ്റപ്പെടലും ഒരു വേള എന്റെ മനസ്സിൽ വേദനയുടെ മിന്നായം പായിച്ചു.

അറ്റാർട്ടിക്കയിൽ നിന്ന് 15,000 ത്തോളം കിലോമീറ്ററുകൾക്ക് അപ്പുറം ഏകാന്തതയുടെ ദുരന്തഭൂമിയിലെ തേങ്ങലുകൾ അവർ പരസ്പരം പങ്കുവെയ്ക്കുന്നുണ്ടാവും എന്ന് എനിക്ക് തോന്നി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകത്തിലെ തന്നെ സമുദ്ര ജലജീവികളുടെ ഏറ്റവും മികച്ച പ്രദർശനശാലയെന്ന് വിശേഷിപ്പിക്കാവുന്നതാണ് ലണ്ടനിലെ സി ലൈഫ് അക്വേറിയം . ലണ്ടൻ സീ ലൈഫ് സന്ദർശനം, ഒരു വിനോദയാത്ര മാത്രമല്ല; അറിവും ബോധവത്കരണവും നിറഞ്ഞ അനുഭവമായിരുന്നു. കടലും അതിലെ ജീവികളും മനുഷ്യജീവിതത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മഹത്തായ സന്ദേശം പകർന്നുതരുന്ന അനുഭവം.

1997 ലാണ് ലണ്ടൻ അക്വേറിയം പ്രവർത്തനം ആരംഭിച്ചത് . 2008 ൽ ഈ രംഗത്തെ പ്രമുഖ ഗ്രൂപ്പായ മെർലിൻ എന്റർടൈൻമെന്റ് ഏറ്റെടുത്തതിനു ശേഷമാണ് സി ലൈഫ് ലണ്ടൻ അക്വേറിയം എന്നപേരിൽ പുനർ നാമകരണം ചെയ്തത്. ഇന്ന് 17 രാജ്യങ്ങളിലായി 50 ഓളം സീ ലൈഫ് അക്വേറിയം ആണ് മെർലിൻ എന്റർടൈൻമെന്റിന് ഉള്ളത്.

 

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.