ന്യൂസ് ഡെസ്ക്, മലയാളം യുകെ
മോൺമൗത്ത്‌ഷെയർ ∙ വീട്ടിൽ വളർത്തുന്ന നായയുടെ ആക്രമണത്തിൽ ഒൻപത് മാസം പ്രായമുള്ള ശിശു ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ആക്രമണം നടത്തിയ നായ എക്സ് എൽ ബുള്ളി ഇനത്തിൽ പെട്ടതാണെന്ന് പോലീസ് സ്ഥിരീകരിച്ചു . റോഗിയറ്റ് ഗ്രാമത്തിലെ വീട്ടിലാണ് ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ സംഭവം നടന്നത്. വീട്ടിൽ വളർത്തുന്ന നായ ആക്രമിച്ചതായി വിവരം ലഭിച്ചതോടെ അടിയന്തരസേവനങ്ങൾ സ്ഥലത്തെത്തിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

പൊലീസ് സ്ഥിരീകരിച്ചതനുസരിച്ച്, ആക്രമണത്തിൽ പങ്കെടുത്തത് എക്സ് എല്‍ ബുള്ളി ഇനത്തിൽപ്പെടുന്ന ആറു വർഷം പ്രായമുള്ള നായയായിരുന്നു. 2023-ൽ ഈ ഇനം നായയെ ഇംഗ്ലണ്ടും വെയിൽസും അപകടകാരികളായ ഇനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. നിയമപ്രകാരം 2024-ൽ രജിസ്ട്രേഷൻ നേടിയ നായയായിരുന്നു ഇത്. ആക്രമണത്തിന് പിന്നാലെ വെറ്റിനറി ഡോക്ടർമാർ നായയെ കൊലപ്പെടുത്തി.

“നായയുടെ ഇനം ഔദ്യോഗികമായി തിരിച്ചറിയുന്നത് പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരിലൂടെയാണ് സാധ്യമാകുക. അന്വേഷണം തുടരുകയാണ്, ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല,” എന്ന് പൊലീസിന്റെ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ വികി ടൗൺസെൻഡ് അറിയിച്ചു. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലും വെയിൽസിലും പിടികൂടപ്പെട്ട അപകടകാരികളായ നായകളിൽ പകുതിയിലധികം എക്സ് എൽ ബുള്ളി ഇനത്തിലുള്ളവരായിരുന്നുവെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.











Leave a Reply