ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളികൾ ഉൾപ്പെടെ യുകെയിലേക്ക് കുടിയേറാൻ നോക്കുന്ന നിരവധി വിദേശ തൊഴിലാളികളെയും വിദ്യാർത്ഥികളെയും കബളിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കമ്പനികളുണ്ടെന്ന മുന്നറിയിപ്പുമായി ഹോം ഓഫീസ്. നിരവധി ആളുകൾക്ക് അനധികൃതമായി വിസ നൽകി നൂറുകണക്കിന് പൗണ്ട് ലാഭമാണ് ഇത്തരം കമ്പനികൾ നേടുന്നത്. ദക്ഷിണേഷ്യയിലെ ചില ഭാഗങ്ങളിൽ ബ്രോക്കർമാർ ബയോമെട്രിക് അപ്പോയിന്റ്മെന്റുകൾക്കായി 800 പൗണ്ട് വരെ ഈടാക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവയ്ക്കാകട്ടെ ഫേസ്ബുക്കിലും ടെലിഗ്രാം തുടങ്ങിയവയിൽ വൻ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്.

ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ പ്രചാരണത്തിൽ ഇറങ്ങിയ പോസ്റ്റിൽ ഔദ്യോഗിക സംവിധാനത്തിലെ താമസങ്ങളിൽ നിന്ന് രക്ഷപെടാൻ സഹായിക്കുമെന്ന വാഗ്‌ദാനം കമ്പനികൾ നൽകുന്നുണ്ട്. മുൻ‌കൂർ പണമടയ്ക്കാതെ തന്നെ ഉടൻ അപ്പോയ്ന്റ്മെന്റുകളും ഇവ വാഗ്‌ദാനം ചെയ്യുന്നുണ്ട്. പലപ്പോഴും വിദ്യാർത്ഥികളുടെയും മറ്റും നിസ്സഹായ അവസ്ഥ മുതലാക്കിയാണ് ഇത്തരക്കാരുടെ പ്രവർത്തനങ്ങൾ.

ആറ് മാസത്തിൽ കൂടുതൽ യുകെയിൽ തുടരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അവരുടെ വിരലടയാളവും ഫോട്ടോയും നൽകുന്നതിന് അവരുടെ മാതൃരാജ്യത്ത് ഒരു വ്യക്തിഗത അപ്പോയിന്റ്മെന്റിൽ പങ്കെടുക്കണം. ബയോമെട്രിക് അപ്പോയിന്റ്‌മെന്റുകളുടെ നേരിട്ടുള്ള ബുക്കിംഗ് സാധാരണയായി സൗജന്യമാണെങ്കിലും മുൻഗണനാ സേവനങ്ങൾക്കായി £30 നും £ 85 നും ഇടയിൽ ഒരു തുക നൽകേണ്ടതായി വരും. ദക്ഷിണേഷ്യയിലെ മിക്ക ആളുകൾക്കും ഈ സ്ലോട്ടുകൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടും. അതിനാൽ ഈ മേഖലയിലെ യുകെ വിസ അപേക്ഷകൾ കൈകാര്യം ചെയ്യാൻ ഹോം ഓഫീസ് പുറത്തുള്ള കമ്പനികൾക്ക് കരാർ നൽകിയിരിക്കുകയാണ്. ഇതിനായി ഏജന്റുമാർ പല രീതികളിലാണ് സമീപിക്കുന്നത്. പലരും ആവശ്യമില്ലാത്ത അപ്പോയിന്റ്‌മെന്റുകളും മറ്റും നടത്തുന്നതായി ഹോം ഓഫീസ് പറഞ്ഞു.