ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ വാൻഡ്സ്വർത്ത് ജയിലിൽ നിന്ന് രണ്ട് തടവുകാർ തെറ്റായി മോചിതരായതിനെ തുടർന്ന് ബ്രിട്ടനിലെ ജയിൽ വകുപ്പ് വീണ്ടും വിവാദത്തിലായി . 24 വയസുള്ള അൾജീരിയൻ സ്വദേശി ബ്രാഹിം കടൂർ ഷെരീഫ് എന്ന ലൈംഗിക പീഡന കേസിലെ കുറ്റവാളി ഒക്ടോബർ 29 ന് തെറ്റായി പുറത്തിറങ്ങിയപ്പോൾ 35 വയസുകാരനായ വില്യം സ്മിത്ത് നവംബർ 3 ന് മോചിതനായി.

മുൻപ് എസ്സെക്സിലെ ഹെംപ്സ്റ്റഡ് ജയിലിൽ നിന്നും അനധികൃത കുടിയേറ്റ കുറ്റവാളി ഹദുഷ് കെബാതു തെറ്റായി മോചിതനായ സംഭവം വലിയ വിവാദമുണ്ടാക്കിയിരുന്നു. അതിനുശേഷം കൂടുതൽ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്താമെന്ന് ജസ്റ്റിസ് മിനിസ്റ്റർ ഡേവിഡ് ലാമി ഉറപ്പു നൽകിയെങ്കിലും, വീണ്ടും ഇത്തരം പിഴവുകൾ ആവർത്തിച്ചതോടെ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നു.

മെട്രോപൊളിറ്റൻ പൊലീസ് ഇപ്പോൾ ഇരുവരെയും പിടികൂടാനുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ജയിലിലെ രേഖകളിലെ പിഴവുകളാണ് ഈ തെറ്റായ മോചനങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇംഗ്ലണ്ടിലും വെയിൽസിലും കൂടി 262 തടവുകാർ തെറ്റായി മോചിതരായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത് കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 128% കൂടുതലാണ് . ജയിലുകളിലെ സുരക്ഷാ വീഴ്ചകളും സ്റ്റാഫ് കുറവും ഇപ്പോൾ ബ്രിട്ടനിലെ വലിയ നിയമപ്രശ്നമായി മാറിയിരിക്കുകയാണ്.











Leave a Reply