സാഹിത്യത്തില്‍ ചൈനയുടെ സുവര്‍ണ്ണകാലം

സാഹിത്യത്തില്‍ ചൈനയുടെ സുവര്‍ണ്ണകാലം
July 26 05:12 2017 Print This Article

കാരൂര്‍ സോമന്‍

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആദ്യത്തെ ചൈനീസ് എഴുത്തുകാരനാണ് ഗാവോ സിങ്ജിയാന്‍. കിഴക്കന്‍ ചൈനയിലെ ജിയാങ്ങ്‌സി പ്രവിശ്യയില്‍ 1940 ജനുവരി 4ന് ജനിച്ചു.ജനകീയ റിപ്പബ്ലിക്കായ ചൈനയിലെ വിദ്യാഭ്യാസത്തിനുശേഷം ബീജിങ്ങില്‍നിന്ന് ഫ്രഞ്ചില്‍ ബിരുദം നേടി. 1987ല്‍ ചൈനവിട്ട് ഫെലോഷിപ്പിനായി ജര്‍മ്മനിയിലെത്തുകയും തുടര്‍ന്ന് 1989ല്‍ ഫ്രാന്‍സിലെത്തി ഫ്രഞ്ച് പൗരത്വം സ്വീകരിക്കുകയും ചെയ്തു. 1990ല്‍ ആത്മശൈലം പ്രസിദ്ധീകരിച്ചു. ചിത്രകാരന്‍, നിരൂപകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. ഹിമശൃംഗങ്ങളിലൂടെയുള്ള അലഞ്ഞു നടപ്പ് ആത്മാന്വേഷണത്തിന്റെ അലച്ചിലാക്കുമ്പോഴും അത് ആദ്ധ്യാത്മീകതയുടെ ഒരു അന്വേഷണമായി മാറാത്ത ദര്‍ശനമാണ് നോബേല്‍ സമ്മാനത്തിന് അര്‍ഹമായമായ ആത്മശൈലം എന്ന നോവലില്‍ ഗാവോ സിങ്ങ്ജിയാന്‍ സ്വീകരിക്കുന്നത്. ധ്യാനഭരതമായൊരു ഭാഷയില്‍ മനുഷ്യസത്തയെയും പ്രകൃതിസത്തയെയും ഏകാത്മകതയില്‍ വിലയിപ്പിക്കുന്ന മഹത്തായ കലാസൃഷ്ടി. ‘വണ്‍മാന്‍സ് ബൈബിള്‍’ ആണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ മറ്റൊരു നോവല്‍.

ചൈനീസ് എഴുത്തുകാരനായ ഗോവോ സിങ്ജ്യാന്‍ 1940 ജനുവരി 4ന് ഭൂജാതനായി. നിരന്തരം യുദ്ധത്തിലേര്‍പ്പെട്ടിരുന്ന ചൈനീസ് പ്രവിശ്യകളിലൊന്നായ സിംങ്ജ്യാഗിലാണ് അദ്ദേഹം ജനിച്ചത്. 80കളില്‍ത്തന്നെ എഴുത്തുകാരന്‍ ബുദ്ധിജീവി എന്നീ നിലകളില്‍ ശ്രദ്ധ നേടിയിരുന്നു. പ്രത്യേകിച്ചും നാടകങ്ങളിലുള്ള അദ്ദേഹത്തിന്റെ അവഗാഹം യൂറോപ്പിലെങ്ങും അംഗീകരിക്കപ്പെട്ടിരുന്നു. പക്ഷെ, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെആശയങ്ങളോടും പ്രചാരണങ്ങളോടും തീരെ പൊരുത്തമില്ലാത്തവയായിരുന്നു സിങ്ജ്യാന്റെ ചിന്താപദ്ധതി. സാംസ്‌കാരിക വിപ്ലവം എന്ന നുകത്തിന്റെ അടിമളാകാന്‍ വിധിക്കപ്പെട്ടവരായിരുന്നു അക്കാലത്തെ ചൈനീസ് ജനത. എന്നിരിക്കിലും അദ്ദേഹം എഴുതിക്കൊണ്ടേയിരുന്നു. നോവലുകള്‍ നാടകങ്ങള്‍, നിരൂപണം ഒപ്പം യാത്രയും. യാത്ര തന്നെയാണ് ജീവിതം എന്നുവരെ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

1980കളില്‍ സിങ്ജ്യാന്റേതായി നിരവധി ചെറുകഥകള്‍, നാടകങ്ങള്‍, സമകാലിക ഉപന്യാസങ്ങള്‍ എല്ലാം പ്രസദ്ധീകരിക്കപ്പെട്ടുകൊണ്ടിരുന്നു. ഫ്രാന്‍സിലും ഇറ്റലിയിലും, ചൈനയിലല്ല. എ പ്രൈമറി ഡിസ്‌കഷന്‍ ഓഫ് ദി ആര്‍ട്ട് ഓഫ് മോഡേണ്‍ ഫിക്ഷന്‍ (1981) ലഘുലേഖകളായ ചുവന്ന കൊക്കുള്ള ഒരു തത്തമ്മ, സിങ്ജ്യാന്റെ സമാഹൃതീത ലേഖനങ്ങള്‍ (1985) അത്യാന്താധുനിക നാടക സമ്പ്രദായത്തിലേക്കൊരു പ്രവേശിക (1987) ഇവയൊക്കെ ചുരുങ്ങിയ കോപ്പികളിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു കൊണ്ടിരുന്നു. 1952ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒബ്‌സല്യൂട്ട് സിഗ്നല്‍,1985 ലെ ബസ്‌സ്റ്റോപ്പ് വൈല്‍ഡ് മാന്‍, ഇത്യാദി രചനകള്‍ വിസ്മൃതങ്ങളാണ്. 1987ല്‍ സിങ്ജ്യാനു ബോധ്യപ്പെട്ടു. ചൈന ശരിയല്ലെന്ന്! ചൈന വിട്ടുപോകാരിക്കാന്‍ വേറെ കാരണങ്ങളൊന്നും വേണ്ടിവന്നില്ല. എങ്കിലും എഴുതിക്കൊണ്ടേയിരുന്നു. മൂന്നോ നാലോ നോവലുകളില്‍ അവസാനത്തേതായിരുന്നു ആത്മപര്‍വ്വതം (Soul Mountain). സാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക് തീര്‍ത്തും അപ്രാപ്യമോ അപരിചിതമോ ആണ് ആത്മപര്‍വതം. എന്തെന്നാല്‍ ഇതൊരു ആത്മകഥയാണ്. ഒരു വ്യക്തിയുടെകഥയാണ്. ഒരു ജനതയുടെയും ആ അര്‍ത്ഥം സാധൂകരിക്കുന്നതിന്റേയും കഥയാണ്. എല്ലാംകൊണ്ടും ആത്മീയമാണത്. അതായത് എന്റെ കഥ. ആത്മാവ് എന്ന പദത്തിന് ഞാന്‍ എന്ന അര്‍ത്ഥമേയുള്ളൂ എന്ന് ഓര്‍ക്കുമല്ലോ. ആത്മാവ് ഉണ്ടോ? എന്ന ചോദ്യമായി പരിണമിച്ചിരിക്കുന്നു. എന്നുവെച്ചാല്‍, ഞാന്‍ എന്നൊരാള്‍ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ട് എന്ന ചോദ്യം. ഈ ചോദ്യ ആര്‍ ആരോടാണ് ചോദിക്കേണ്ടത്? സംശയമില്ല, ഞാന്‍ എന്നോടുതന്നെ ചോദിക്കേണ്ട ചോദ്യമാണത്. അപ്പോള്‍ കിട്ടുന്ന ഉത്തരം ഉണ്ട്! ഉണ്ട്!!! എന്നതായിരിക്കും. എന്നതില്‍ പക്ഷാന്തരമില്ല. ആത്മാവ് ഉണ്ട് എന്നു മാത്രമല്ല. ആത്മാവ് മാത്രമാണ് സത്യം! എന്നു തെളിയിക്കപ്പെടുകയും ചെയ്യും.

ചുരുക്കത്തില്‍ ഒറ്റപ്പെട്ട, ഏകാന്തപഥികനായ ഒരു മനുഷ്യന്‍, ലോകസമാധാനത്തിനുവേണ്ടിയല്ല, ആന്തരിക സമാധാനത്തിനുവേണ്ടി നടത്തുന്ന അന്വേഷണങ്ങളുടെ വിവരണമാണ് ആത്മപര്‍വതം എന്ന നോവല്‍. ആന്തരിക സമാധാനത്തോടൊപ്പം ആന്തരിക സ്വാതന്ത്ര്യവും എഴുത്തുകാരന്‍ അഭിലഷിക്കുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ മരണത്തിന് വല്ല അര്‍ത്ഥമുണ്ടോ, ഉണ്ടെങ്കില്‍ അതെന്താണ് എന്ന അന്വേഷണമാണഅ അയാള്‍ നടത്തുന്നത്. അതുകൊണ്ടാണ് അയാള്‍ ബുദ്ധമത താവോമത ആശ്രമങ്ങള്‍ സന്ദര്‍ശിക്കുന്നത്. എന്തെന്നാല്‍ അവിടെയും അയാള്‍ സമാധാനം കണ്ടെത്തുന്നില്ല. ഒറ്റപ്പെടലിലൂടെയല്ല, സാമൂഹ്യബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടേ, ആന്തരിക സമാധാനം സാധ്യമാകൂ എന്നയാള്‍ ഒടുക്കം തിരിച്ചറിയുന്നു. സമൂഹം ഒന്നാകെ ശാന്തിയിലെത്തിച്ചേരുക എന്നത് തീര്‍ത്തും അസംഭവ്യം എന്ന് അറിഞ്ഞുകൊണ്ടുതന്നെ!

സിങ്ജ്യാന്റെ എല്ലാ രചനകളും മാതൃഭാഷയായ ചൈനീസിലാണ്. ഇവിടെവിവര്‍ത്തനം ചെയ്തവതരിപ്പിക്കുന്ന പ്രഭാഷണവും ചൈനീസാണ്. ചൈനീസ് ഭാഷാപണ്ഡിതയായ ആസ്‌ത്രേലിയന്‍ വനിത മേബല്‍ ലീയാണ് വിവര്‍ത്തക. അവരുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ മലയാളമാണ് തുടര്‍ന്നുള്ള പേജുകളില്‍ ചൈനീസ് ഭാഷ അറിയാത്ത എനിക്ക് മേബല്‍ ലീമയുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ ആവര്‍ത്തിച്ചുള്ള വായനയിലൂടെ ചൈനീസ് എഴുത്തുകാരന്റെ മനസ്സിലേക്ക് അനായാസം പ്രവേശിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഞാന്‍ അവകാശപ്പെടുന്നു.

ഗൗരവമാര്‍ന്ന സമീപനമുള്ള ഒരെഴുത്തുകാരന്‍, കലാഭംഗി ലക്ഷ്യമാക്കി അണിയിക്കുന്ന അലങ്കാരങ്ങള്‍പോലും ജീവിതഗന്ധിയായനുഭവപ്പെടും. പുരാതനകാലം തൊട്ടുള്ള സാഹിത്യകൃതികളുടെ ജൈവരഹസ്യം ഇതാണ്. അതിനാല്‍, ഗ്രീക്ക് ദുരന്തനാടകങ്ങളാകട്ടെ, ഷേക്‌സ്പിയര്‍ കൃതികളാകട്ടെ എന്നെങ്കിലുമൊരിക്കല്‍ കാലഹരണപ്പെടുമെന്നു കരുതേണ്ട കാര്യമില്ല. സാഹിത്യം യാഥാര്‍ത്ഥ്യങ്ങളുടെ പകര്‍പ്പല്ല. സത്യത്തോടടുക്കാനുള്ള വെമ്പലാണത്. പുറംതൊലി ഭേദിച്ച് ആഴങ്ങളില്‍ തുളച്ചിറങ്ങുകതന്നെ വേണം. ദൈനംദിനസംഭവങ്ങളെ വളരെ ഉയരത്തില്‍നിന്നും നോക്കിക്കാണാന്‍ കഴിയണം. ഉയരം കൂടുംന്തോറും കാഴ്ചയുടെ സമഗ്രത വര്‍ദ്ധിക്കുമെന്നു പറയേണ്ടതില്ലല്ലോ.

സാഹിത്യരചനയ്ക്ക് ഭാവന അനിവാര്യമാണ്. പക്ഷെ മനസ്സിന്റെ അഗാധതയില്‍ ഊളിയിടുമ്പോള്‍ അവിടെ കണ്ടെത്തുന്ന ചപ്പുചവറുകള്‍ വാരിക്കൂട്ടി പ്രദര്‍ശിപ്പിക്കുന്ന പണിയാവരുത് എഴുത്ത്. ഭാവന എത്രതന്നെ പറയുന്നയര്‍ന്നാലും സത്യസന്ധമായ അനുഭൂതികളില്‍നിന്നും വേര്‍പെട്ടുപോകാത്തിടത്തോളം കാലം, സ്വീകാര്യം തന്നെ. സത്യത്തിന്റെ അടിയുറപ്പില്ലാത്ത പക്ഷം,. രചനയുടെ ദൗര്‍ബല്യം അനായാസം പിടിക്കപ്പെടുക തന്നെ ചെയ്യും. തനിക്കു തന്നെ വേണ്ടത്ര വിശ്വാസമില്ലാത്ത വസ്തുതകളുടെ വിവരണം വായനക്കാരില്‍ വിശ്വാസ്യത ഉളവാക്കാന്‍ തീരെ പര്യാപ്തമല്ല. സാധാരണ മനുഷ്യന്റെ ജീവിതം അതേപടി പകര്‍ത്തി എന്നതുകൊണ്ടോ സ്വന്തം ജീവിതാനുഭവങ്ങള്‍ മറയില്ലാതെ രേഖപ്പെടുത്തിയതുകൊണ്ടോ ഉത്തമ സാഹിത്യം ജനിക്കുന്നില്ല.

ഭാഷ എന്ന വാഹകത്തിലൂടെ, വന്നു ചേരുന്ന അനുഭൂതികളും പഴയ എഴുത്തുകാരുടെ അനുഭവങ്ങളും എല്ലാം സ്വന്തം അനുഭൂതിയായി മാറണം. സാഹിത്യഭാഷയുടെ മാന്ത്രികശക്തിയുടെ മറ്റൊരു ഉദാഹരണമാണ്.

ശാപാനുഗ്രഹങ്ങള്‍ക്കെന്നപോലെ, ഭാഷയ്ക്ക് മനുഷ്യമനസ്സില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. ഭാഷാപ്രയോഗം ഒരു കലാപ്രകടനമാണ്. വികാരങ്ങള്‍ മറ്റുള്ളവരിലേക്കു പകരുവാനുള്ള കഴിവിനെ ആശ്രയിച്ചാണ് അതിന്റെ വിജയം ഭാഷ പ്രതീകമല്ല.
വ്യാകരണനിയമങ്ങളാല്‍ നിബന്ധിക്കപ്പെട്ട ഒരു നിര്‍മ്മിതി മാത്രമല്ല അത്. ഭാഷ ജീവനുള്ളതാണ്. പദപ്രയോഗവും വ്യാകരണവുമെല്ലാം എത്രതന്നെ ഭംഗിയാക്കിയാലും ആത്മാവില്ലെങ്കില്‍ ഭാഷ ബുദ്ധിപരമായ വിനോദം മാത്രമായിത്തീരുന്നു.

താത്വികമായ ചില സങ്കല്പങ്ങളുടെ വാഹകവുമല്ല ഭാഷ. ഒരേ സമയം വികാരങ്ങളെയും, ഇന്ദ്രിയങ്ങളെയും ഉത്തേജിപ്പിക്കുവാന്‍ ഭാഷയ്ക്ക് കഴിവുണ്ട്. ജീവിച്ചിരിക്കുന്നവരുടെ ഭാഷയ്ക്ക് പകരം പ്രതീകങ്ങളോ രേഖകളോ പോരാതെ വരുന്നു. വായ്‌മൊഴിയില്‍ ഭാഷയുടെ ശക്തി വര്‍ദ്ധിക്കുന്നു. സാഹിത്യത്തിന്റെ ലക്ഷ്യം ആശയവിനിമയം മാത്രമല്ല. വികാരങ്ങളെയും ഇന്ദ്രീയങ്ങളെയും ഉത്തേജിപ്പിക്കലും കൂടിയാണ്.

അര്‍ത്ഥംസംഭവിച്ചതുകൊണ്ടുമാത്രം ഭാഷയുടെപ്രയോജനം തീരുന്നില്ല. ശ്രവണേന്ദ്രിയപരമായ സംവേദനം കൂടി നടന്നിരിക്കണം. ഭാഷയുടെപിന്നിലെ മനുഷ്യനെക്കൂടി കാണുകയും ശ്രവിക്കുകയും ചെയ്ത്, അങ്ങനെ ആ വ്യക്തിയുടെ അസ്തിത്വം അയാളുടെ ബുദ്ധി, ലക്ഷ്യം,ശൈലി, വികാരം തുടങ്ങിയ വിവരങ്ങള്‍ ഛന്ദവത്കൃതമോ സംജ്ഞാശാസ്ത്രപരമോ ആയ നിബന്ധനകള്‍ ഇല്ലാതെ ഒഴുകി വീഴുമ്പോഴാണ് ഭാഷ പൂര്‍ണ്ണതയിലെത്തുന്നു.

ഡേ കാര്‍ട്ടേയുടെ ശൈലി കടമെടുത്തു പറഞ്ഞാല്‍, ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളും,’ഞാന്‍ എഴുതുന്നു. അതിനാല്‍ ഞാന്‍ ഉണ്ട്.’ എഴുത്തുകാരന്‍ ‘ഞാന്‍’ എന്ന സര്‍വ്വനാമം പല അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കും. ‘ഞാന്‍’ എഴുത്തുകാരന്‍ തന്നെയാവാം. കഥയിലെ നായകനാവാം. ഒന്നോ കൂടുതലോ കഥാപാത്രങ്ങളാകാം. ‘ഞാന്‍’ എന്നതിനെ, അര്‍ത്ഥ വ്യത്യാസം വരാതെ, അയാള്‍ എന്നോ ‘നിങ്ങള്‍’ എന്നോ ആഖ്യാതാവിന്റെ ഇഷ്ടപ്രകാരം മാറ്റി വിളിക്കാം. കഥപറയുന്നയാളിനെ, സൗകര്യപ്രദമായ ഒരു സര്‍വനാമത്തില്‍ ഉറപ്പിച്ചു നിര്‍ത്തുകയാണ് ആദ്യം വേണ്ടത്. പിന്നെ, അയാളുടെ കാഴ്ചപ്പാടിലൂടെ മറ്റെന്തും അവതരിപ്പിക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ അനേകം വ്യത്യസ്ത ശൈലികള്‍ സൃഷ്ടിക്കാവുന്നതേയുള്ളൂ. തികച്ചും സ്വന്തമായ ഒരു ചൈനാശലി സൃഷ്ടിക്കുന്നതിലാണ് ഒരെഴുത്തുകാരന്റെ സാമര്‍ത്ഥ്യം. എന്റെ ആഖ്യാനത്തില്‍ മറ്റാഖ്യായികളില്‍ പതിവുള്ളതുപോലെ കഥാപാത്രങ്ങള്‍ക്കു പേരില്ല. പകരം സര്‍വ്വനാമങ്ങള്‍ മാത്രമേയുള്ളൂ. ഞാന്‍, ഇനി നീ അവന്‍ ഇത്യാതി കേന്ദ്രകഥാപാത്രത്തെ ഞാന്‍ അപ്രകാരമാണ് വിശേഷിപ്പിക്കുന്നത്. പേരിനു പകരം അവന്‍ ഇവന്‍ എന്നൊക്കെ പ്രയോഗിക്കുന്നതുമൂലം കഥാപാത്രങ്ങളോട് ഒരുതരം മാനസികമായ അകല്‍ച്ച കൈവരുത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. അതെന്റെ ലക്ഷ്യമാണ്. മാത്രമല്ല, നാടകമായി അവതരിപ്പിച്ചപ്പോഴും നടന്മാര്‍ക്ക് കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കാതിരിക്കുവാന്‍ ഇടയ്ക്കിടെ മാറുന്ന സര്‍വ്വനാമങ്ങളുടെ ഉപയോഗം സഹായകരമായിട്ടുണ്ട്.

കഥയെഴുത്തിന്, അല്ലെങ്കില്‍ നാടകമെഴുത്തിന് അവസാനമില്ല. അവസാനിക്കുകയുമില്ല. കലയിലോ സാഹിത്യത്തിലോ ഏതെങ്കിലും പ്രസ്ഥാനമോ രൂപമോ കൂമ്പടഞ്ഞുവെന്നോ പരമഗതി പ്രാപിച്ചുവെന്നോ പ്രചരിപ്പിക്കുന്ന ചപലഹൃദയരുണ്ട്. സംസ്‌കാരത്തിന്റെ തുടക്കം മൂതലേ, ഭാഷ അത്ഭുതങ്ങള്‍ക്കൊണ്ടു നിറഞ്ഞതാണ്. അതിനൊരന്ത്യമില്ല. ഭാഷയുടെ ശക്തി അപരിമേയമത്രേ. അപാരമായ ഈശക്തി തിരിച്ചറിയുകയാണ് ഒരെഴുത്തുകാരന്റെ പ്രാഥമിക യോഗ്യത.

അപ്പോള്‍ പഴയ വാക്കുകള്‍ക്ക് പുതിയ പുതിയ അര്‍ത്ഥങ്ങള്‍ സൃഷ്ടിക്കുവാന്‍ അയാള്‍ക്കു കഴിയും എന്നുവച്ച് സ്രഷ്ടാവിന്റെ സ്ഥാനം എഴുത്തുകാരനില്ല. നേരത്തെ സൃഷ്ടിക്കപ്പെട്ട പുറംലോകം എത്ര പഴയതായാലും പുതുക്കുവാനോ ഒഴിവാക്കുവാനോ അയാള്‍ക്കാവില്ല. വര്‍ത്തമാനലോകം എത്രതന്നെ ദുഷിച്ചതോ അസംബന്ധമോ ആവട്ടെ. അതു മാറ്റിമറിക്കാമെന്നു സ്വപ്നം കാണാമെന്നല്ലാതെ, സ്വപ്നത്തിലെ മാതൃകാലോകം യാഥാര്‍ത്ഥ്യമാക്കുവാന്‍ അയാള്‍ അശക്തനാണ്.

ബാഹ്യലോകം മനുഷ്യബുദ്ധിക്ക് അപ്രാപ്യമാണെന്നതാണ് വാസ്തവം. എങ്കിലും ജീവിതത്തിന് പുതിയൊരര്‍ത്ഥം നല്കുന്നചില പ്രസ്താവനകള്‍ പുറപ്പെടുവിക്കുവാന്‍ ഒരെഴുത്തുകാരനു തീര്‍ച്ചയായും കഴിയും. ഇത്തരം പ്രസ്താവനകള്‍,മുന്‍ഗാമികളായ എഴുത്തുകാരുടെ പ്രസ്താവനകളുടെ തുടര്‍ച്ചയാവാം. ചിലപ്പോള്‍ വല്ല കാരണവശാലും അവര്‍ പറയാന്‍വിട്ടുപോയവയുമാവാം.

സാഹിത്യത്തെ ഉന്മൂലനംചെയ്യുക എന്നൊക്കെപ്പറയുന്നത് സാംസ്‌കാരിക വിപ്ലവത്തിലെ വെറും വാചകമടിയാണ്. സാഹിത്യം മരിച്ചില്ല. എഴുത്തുകാരന്‍ നശിച്ചതുമില്ല. ഏതൊരെഴുത്തുകാരനും ഗ്രന്ഥശേഖരത്തില്‍ അവന്റേതായ സ്ഥാനമുണ്ട്. അയാളുടെ ജീവിതം ആസ്വാദ്യകരമാണ്. വായനക്കാരുള്ള കാലം അയാള്‍ക്ക് മരിക്കാനുമാവില്ല. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ സമാശ്വാസം വേറെന്തുവേണം? മനുഷ്യരാശിയുടെ അതിബൃഹത്തായഗ്രന്ഥസഞ്ചയത്തില്‍ തന്റേതായ ഒരു പുതിയ പുസ്തകം കൂടി ശേഷിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ അതു വായിക്കപ്പെട്ടുകൊണ്ടിരിക്കുമെങ്കില്‍, അതില്‍പരം ഭാഗ്യാവസ്ഥ മറ്റെന്തുണ്ട്?

website : www.karursoman.com
Email: karoorsoman@yahoo.com

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles