തിരുവനന്തപുരം നഗരസഭയിൽ തുടർഭരണം ഉറപ്പാക്കാനുള്ള തയാറെടുപ്പിലാണ് എൽഡിഎഫ്. ഈ തവണ പരിചയസമ്പന്നരെയും യുവത്വത്തെയും ഉൾപ്പെടുത്തി സ്ഥാനാർഥിപ്പട്ടിക ഒരുക്കുകയാണ് സിപിഎം. ബിജെപിയുടെ ശക്തമായ വെല്ലുവിളിയോടൊപ്പം മുൻ എംഎൽഎ ശബരീനാഥനെ മുൻനിരയിൽ നിന്ന് ഇറക്കാൻ ഒരുങ്ങുന്ന കോൺഗ്രസിനെയും എൽഡിഎഫ് ഗൗരവത്തോടെ കാണുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ സ്ഥാനാർഥിപ്പട്ടിക പുറത്തുവിടാനുള്ള സാധ്യതയും സിപിഎം വിലയിരുത്തുന്നു.
മേയർ സീറ്റ് ഇത്തവണ പൊതുവിഭാഗത്തിനാണ്. നിലവിലെ മേയർ ആര്യ രാജേന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതയുള്ളതിനാൽ ഇത്തവണ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് സൂചന. പ്രായം കുറഞ്ഞ മേയർ എന്ന നിലയിൽ പ്രശസ്തയായ ആര്യയ്ക്കുള്ള ജനസ്വീകാര്യതയും പാർട്ടി കണക്കിലെടുക്കുന്നുണ്ട്. സിപിഎം വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പാർട്ടി ആര്യയെ നിയമസഭയിലേക്ക് പരിഗണിക്കുന്നുവെന്നതാണ്.
പുതിയ മേയർ സ്ഥാനാർഥിയാകാനുള്ള സാധ്യതയുള്ളവരിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുൻ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയുമായ എസ്.പി. ദീപക്ക് മുൻനിരയിൽ ഉള്ളതായി വിവരം. കൂടാതെ എസ്.എ. സുന്ദർ, ആർ.പി. ശിവജി, ചാല ഏരിയ സെക്രട്ടറി എസ്. ജയിൽ കുമാർ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. മുൻ എംപിയായ എ. സമ്പത്തിന്റെ പേരും മേയർ സ്ഥാനത്തേക്ക് ഉന്നയിക്കപ്പെടുന്നുണ്ട്. പരിചയസമ്പന്നരായ ഈ നേതാക്കളെ മുൻനിറുത്തി എൽഡിഎഫ് തുടർ ഭരണം ഉറപ്പാക്കാൻ ശ്രമിക്കുന്നതായാണ് സൂചന.











Leave a Reply