തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. വേണുവിനെ തറയിൽ കിടത്തിയ നടപടിയിലാണ് ഡോക്ടർ ഹാരിസിന്റെ വിമർശനം. തറയിൽ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഡോക്ടർ ഹാരിസ് ചോദിച്ചു. എങ്ങനെ നിലത്ത് കിടത്തി ചികിത്സിക്കാനാകും? നാടാകെ മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഡോക്ടർ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. പ്രാകൃതമായ നിലവാരമെന്നും ഹാരിസ് അഭിപ്രായപ്പെട്ടു. വേണുവിന്‍റെ മരണം നിര്‍ഭാഗ്യകരമെന്നും ഡോക്ടര്‍ ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു. 1986 ലെ അവസ്ഥ തന്നെയാണ് ഇപ്പോഴും. എണ്ണം തികയ്ക്കാൻ ഡോക്ടര്‍മാരെ അടിക്കടി മാറ്റുന്നു. അടിയന്തരമായി പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍ ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേ സമയം, വേണുവിന്റെ മരണത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ വാദം തള്ളി ചികിത്സ രേഖ പുറത്തുവന്നിരുന്നു. വേണുവിന്റെ ക്രിയാറ്റിൻ നിലയിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന ആശുപത്രി അധികൃതരുടെ വാദമാണ് പൊളിഞ്ഞത്. ക്രിയാറ്റിൻ അളവിൽ പ്രശ്നമില്ലെന്ന് രക്ത പരിശോധനയിൽ വ്യക്തമാണ്. വേണുവിന്റെ ആരോഗ്യസ്ഥിതി വിശദീരിക്കാൻ പോലും ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് ഭാര്യ സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വേണുവിന്റെ മരണത്തിന് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞതാണിത്. എന്നാൽ ചികിത്സ രേഖകൾ തെളിയിക്കുന്നത് ഈ വാദം തെറ്റെന്ന്. 0.7 മുതൽ 1.4 മില്ലിഗ്രാം പെർ ഡെസിലിറ്റർ ആണ് സാധാരണ വേണ്ട ക്രിയാറ്റിൻ നില. രണ്ടാം തീയതി തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ വേണുവിന്റെ രക്ത പരിശോധന നടത്തിയിരുന്നു. 1.55 മില്ലിഗ്രാം പെർ ഡെസിലിറ്റർ ആയിരുന്നു ക്രിയാറ്റിൻ നില.
നേരിയ കൂടുതൽ. ഇത് ആൻജിയോഗ്രാമിന് തടസ്സമല്ലെന്നാണ് ഹൃദ്രോഗ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ക്രിയാറ്റിൻ നിലയിൽ പ്രശ്നമുണ്ടെന്നോ ആൻജിയോഗ്രാം ചെയ്യാൻ മറ്റെന്തങ്കിലും തടസ്സമുണ്ടെന്നോ രോഗിയോടോ ബന്ധുക്കളോടോ ആശുപത്രി അധികൃതർ പറഞ്ഞതുമില്ല. വേണുവിന്റെ മരണത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആരോഗ്യമന്ത്രിക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പിന്റെ തുടർനടപടികൾ.











Leave a Reply