ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഡ്യൂട്ടിയിലിരിക്കെ ലൈംഗിക തൊഴിലാളികളുമായി ബന്ധപ്പെട്ടതായി മെട്രോപൊളിറ്റൻ പൊലീസിലെ മുൻ ഓഫീസർ ഇംറാൻ പാട്ടേലിനെതിരെ ഗുരുതര ആരോപണം ഉയർന്നു . ബ്രിട്ടനിലെ ഏറ്റവും വലിയ പൊലീസ് സേനയായ മെട്രോപൊളിറ്റൻ പൊലീസിൽ വർഷങ്ങളായി സ്ത്രീവിരുദ്ധ സംസ്കാരം നിലനിൽക്കുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ് സംഭവം പുറത്ത് വന്നത്. പട്ടേൽ ഒൻപത് മാസത്തോളം നീണ്ട പെരുമാറ്റ പ്രശ്നങ്ങളിലെ അന്വേഷണത്തിനിടെ 2024ൽ പൊലീസ് സർവീസിൽ നിന്ന് രാജിവെച്ചിരുന്നു.

2022 മെയ് മാസത്തിലാണ് പട്ടേൽ ഡ്യൂട്ടിയിലിരിക്കെ സെക്സ് വർകേഴ്സിനെയും അഡൾറ്റ് വെബ്സൈറ്റുകളെയും സമീപിച്ചതെന്ന ആരോപണം ഉയർന്നത്. ആ സമയത്ത് ലണ്ടൻ മേയർ സാദിഖ് ഖാന്റെ നിർദേശപ്രകാരം മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥയായ ലൂയിസ് കേസി മെട്രോ പൊലീസ് വിഭാഗത്തിലെ പെരുമാറ്റ പ്രശ്നങ്ങളെ കുറിച്ച് സ്വതന്ത്ര അന്വേഷണത്തിലായിരുന്നു. 2021-ൽ സാറ എവർആർഡിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മെട്രോ പൊലീസുകാരൻ വെയ്ൻ കസൻസിന്റെ കേസിനുശേഷമാണ് ഈ അന്വേഷണം ആരംഭിച്ചത്.

പട്ടേലിനെതിരെ 2021 ഓഗസ്റ്റിൽ ഒരു പൗരന്റെ പണം, ഡ്രൈവിങ് ലൈസൻസ് എന്നിവ തട്ടിയെടുത്തെന്നാരോപിച്ചും അന്വേഷണം നടന്നിരുന്നു . 2022 മാർച്ചിൽ അദ്ദേഹത്തിന്റെ വസതിയിൽ അനധികൃതമായി പൊലീസ് സംരക്ഷണ ജാക്കറ്റ് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. മെട്രോ പൊലീസിന്റെ ആന്റി-കറപ്ഷൻ യൂണിറ്റിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കി ആണ് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പൊലീസ് കണ്ടക്ട് (IOPC) നേരെത്തെ ഇയാൾക്ക് എതിരെ അന്വേഷണം ആരംഭിച്ചത് . 2024 ജനുവരിയിൽ കുറ്റപത്രം സമർപ്പിക്കാതിരിക്കാനുള്ള തീരുമാനം ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പൊലീസ് കണ്ടക്ട് എടുത്തിരുന്നു. എന്നാൽ കടുത്ത സമ്മർദങ്ങളെ തുടർന്ന് പട്ടേലിനെതിരെ 2025 ജനുവരിയിൽ പൂർണ്ണമായ ശാസനാന്വേഷണ നടപടി ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു .











Leave a Reply