ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ട്: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ സ്നാപ്പ് ചാറ്റ് വഴി പെൺകുട്ടികളെ വലയിലാക്കി ലൈംഗികമായി പീഡിപ്പിച്ച എൻ.എച്ച്.എസ്. മാനേജർ പോൾ ലിപ്സ്കോംബ്‌ക്ക് 28 വർഷം തടവിന് കോടതി ശിക്ഷ വിധിച്ചു. 51 വയസ്സുള്ള ലിപ്സ്കോംബ്, 13 വയസ്സിനു താഴെയുള്ള കുട്ടികളെ ലക്ഷ്യമാക്കി ലൈംഗിക ചൂഷണം, പീഡനം, ബലാത്സംഗം തുടങ്ങി 34 കുറ്റങ്ങൾക്കാണ് കുറ്റസമ്മതം ചെയ്തത്. പോലീസ് അദ്ദേഹത്തെ കെ.എഫ്.സി ഡ്രൈവ്‌ത്രുവിൽ നിന്നു അറസ്റ്റ് ചെയ്തതോടെ, ടെസ്ല കാർ ഉപയോഗിച്ച് കുട്ടികളെ ഹോട്ടലുകളിലേക്കും എയർബിഎൻബികളിലേക്കും കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന വസ്തുതകളും പുറത്ത് വന്നു.

ലിപ്സ്കോംബ് വ്യാജനാമങ്ങൾ ഉപയോഗിച്ച് കുട്ടികളുമായി ചാറ്റ് ചെയ്ത് അവരുടെ വിശ്വാസം നേടി. സ്നാപ് ചാറ്റ് അക്കൗണ്ടുകൾ വഴി അദ്ദേഹം എ ഐ ഉപയോഗിച്ച് നിർമ്മിച്ച ബാലപീഡന ചിത്രങ്ങളും വീഡിയോകളും വിൽപ്പന നടത്തുകയായിരുന്നു എന്നും അന്വേഷണത്തിൽ പോലീസ് കണ്ടെത്തി . അദ്ദേഹത്തിന്റെ വെബ്‌സൈറ്റിൽ “ഗോൾഡ് ലെവൽ ആക്സസ്” എന്ന പേരിൽ ഈ ചിത്രങ്ങൾക്കും “പീഡന മാർഗ്ഗനിർദ്ദേശങ്ങൾക്കും” പണം ഈടാക്കിയതായും കണ്ടെത്തി. ഡിറ്റക്ടീവുകൾ അദ്ദേഹത്തെ “തന്ത്രശാലിയും മുൻകൂട്ടി ആസൂത്രണം ചെയ്ത കുറ്റവാളിയുമാണ്” എന്ന് വിശേഷിപ്പിച്ചു.

ഈ കേസിലൂടെ സോഷ്യൽ മീഡിയയിലൂടെ കുട്ടികളെ ലക്ഷ്യമിട്ട് നടക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കൂടുതൽ കർശന നടപടി ആവശ്യമാണ് എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്നാപ് ചാറ്റ് കമ്പനിയും ഇത്തരം ദുരുപയോഗങ്ങൾ തടയാനായി പൊലീസ്, സുരക്ഷാ ഏജൻസികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നതായി വ്യക്തമാക്കി.











Leave a Reply