അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഡ്രൈവർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തുറവൂർ ഉയരപ്പാത നിർമ്മാണം നടക്കുന്ന എരമല്ലൂരിൽ ടോൾ പ്ലാസവരുന്ന ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറി താഴേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം.

ഗർഡർ ഉയർത്തിയ സമയത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു എന്നും, ഗർഡർ ഏകദേശം ഉറപ്പിച്ചു എന്ന് ഉറപ്പായ ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടതെന്നും നിർമ്മാണ കമ്പനിയിലെ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ഇത്രയും വലിയ ഗർഡർ ഫിറ്റ് ചെയ്യുന്ന സമയത്ത് അപകടസാധ്യത മുന്നിൽ കണ്ട് ഗതാഗത നിയന്ത്രണം തുടരേണ്ടതായിരുന്നില്ലേയെന്നാണ് ചോദ്യം ഉയരുന്നത്. ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എംഎൽഎ വ്യക്തമാക്കി.

രക്ഷാപ്രവർത്തനം വളരെ ശ്രമകരമായിരുന്നു. അപകടം നടന്ന് മൂന്നുമണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്. പോലീസും ഫയർഫോഴ്സും ഒരു മണിക്കൂറിനുള്ളിൽ സ്ഥലത്ത് എത്തിയിരുന്നെങ്കിലും, വലിയ ഭാരമുള്ള ഗർഡർ മാറ്റാൻ ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം വൈകി. ഗർഡർ ഉറപ്പിക്കുന്ന സമയത്ത് താഴേക്ക് പതിക്കുന്നത് ഇത് ആദ്യമായല്ല. ഏതാനും മാസങ്ങൾക്ക് മുൻപ് ആലപ്പുഴ ബൈപ്പാസിന്റെ നിർമ്മാണ സമയത്തും ഇത്തരത്തിൽ അപകടം സംഭവിച്ചിരുന്നു. ദേശീയപാത അതോറിറ്റിയുടെയോ നിർമ്മാണ കമ്പനിയുടെയോ ഭാഗത്ത് നിന്ന് ഗുരുതരമായ ഒരു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. ഹൈവേ നിർമ്മാണത്തിനിടെ ഭീമാകാരമായ ഗർഡറുകൾ താഴേക്ക് പതിച്ച് പിക്കപ്പ് വാൻ പൂർണ്ണമായും തകർന്നാണ് ഡ്രൈവർ മരിച്ചത്. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. ഡ്രൈവർ ഇരുന്ന കാബിന്റെ മുകളിലേക്കാണ് ഗർഡറുകൾ പതിച്ചത്.

സ്ഥലത്ത് നിർമാണ സാമഗ്രികൾ കൂടികിടന്നതിനാൽ വാഹനത്തിന് മേൽ പതിച്ച കോൺക്രീറ്റ് ഗർഡറുകൾ ഉയർത്തി മാറ്റാൻ സാധിച്ചില്ല. നിർമാണ സാമഗ്രികൾ നീക്കി രാവിലെ 6:30നാണ് ഗർഡറുകൾ ഉയർത്തിമാറ്റി ഗർഡറിനടിയിൽപ്പെട്ട പിക് അപ് വാനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറുടെ മൃതദേഹം എടുത്തത്. തൂണുകൾക്ക് മുകളിലെ ചിറക് വിരിച്ചിരിക്കുന്ന പിയർ ക്യാപ്പിന് മുകളിലുള്ള ബീയറിങ്ങിലാണ് ഗർഡറുകൾ സ്‌ഥാപിക്കുന്നത്. സാധാരണ ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെയാണ് കോൺക്രീറ്റ് ഗർഡറുകൾ സ്‌ഥാപിക്കുന്നത്. എന്നാൽ ഇവിടെ ടോൾപ്ലാസ വരുന്നയിടമായതിനാൽ ലോഞ്ചിങ് ഗാൻട്രി സ്ഥാപിക്കാൻ കഴിയില്ല. ഇതോടെ രണ്ട് ക്രെയ്‌നുകൾ ഉപയോഗിച്ചാണ് 32 മീറ്റർ നീളവും 80 ടൺ ഭാരവുമുള്ള കോൺക്രീറ്റ് ഗർഡറുകൾ സ്‌ഥാപിക്കുന്നത്. തൂണുകൾക്ക് മുകളിലെ ഹൈഡ്രോളിക് ജാക്കികൾക്ക് മുകളിൽ ഗർഡറുകൾ കയറ്റി ഇവിടെ നിന്നു ബീയറിങ്ങിനു മുകളിലേക്ക് ഉയർത്തിമാറ്റുന്നതിനിടെ രണ്ടു തൂണുകളിൽ ഒരു ഭാഗത്തുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി തകരാറിലായതോടെ കോൺക്രീറ്റ് ഗർഡറുകൾ ചരിയുകയും താഴേക്കു പതിക്കുകയുമായിരുന്നു. വീഴ്‌ച സമയത്ത് സമീപത്ത് ഉണ്ടായിരുന്നു ഗർഡറുകളിൽ തട്ടിയതാണ് സമീപത്തുണ്ടായിരുന്ന ഗർഡറും വീഴാൻ കാരണം.